ഹൈടെക്കായി പാര്‍ളിക്കാട് ശുദ്ധജല വിതരണ പദ്ധതി
വടക്കാഞ്ചേരി: നഗരസഭയുടെ പാര്‍ളിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമ സിര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ശുദ്ധജല വിതരണ പദ്ധതി പൂര്‍ണമായും ഹൈടെക്. പദ്ധതി നടത്തിപ്പ് പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചത് പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്.
വീടുകളില്‍ പോയി ബില്‍ കളക്ഷന്‍ എടുക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.
ആപ്പില്‍ റീഡിംഗ് ഇന്‍പുട്ട് കൊടുത്ത ശേഷം പോര്‍ട്ടബിള്‍ വയര്‍ലെസ് പ്രിന്റര്‍ വഴി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കും. സംസ്ഥാനത്തെ ചെറുകിട ജലസേചന പദ്ധതികളില്‍ ആദ്യമായാണ് ഇത്തരം സംവിധാനമെന്ന് ഭാരവാഹികള്‍ പറയുന്നു. കുടിവെള്ള പദ്ധതിയോടൊപ്പം പൊതുജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്താന്‍ പാര്‍ളിക്കാട് വ്യാസ സ്റ്റോപ്പില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഫുഡ് ഗ്രേഡ് സ്റ്റീലിലാണ് കിയോസ്‌ക് നിര്‍മ്മാണം. 250 കുടുംബങ്ങള്‍ക്ക് വീട്ട് കണക്ഷന്‍ നല്‍കിയാണ് 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനം. മൂന്ന് ജലസ്രോതസുകളും രണ്ട് സംഭരണികളും ഉള്‍പ്പെടുന്ന ശുദ്ധജല വിതരണ ശൃംഖല ഏകദേശം മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്നു. പൂര്‍ണമായും ഫില്‍റ്റര്‍ ചെയ്താണ് ജലവിതരണം . ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ജര്‍മന്‍ സാങ്കേതിക മികവില്‍ നിര്‍മിച്ച കാറ്റലോക്‌സ് ആണ് പ്രധാന ഫില്‍റ്ററിങ്ങ് ഏജന്റ്.
പ്ലാന്റിന്റെ നിര്‍മാണം പേരാമംഗലം ലൈഫ് ഡ്രോപ്പ് വാട്ടര്‍സിസ്റ്റമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മൂന്ന് പമ്പ് ഹൗസുകളും വയര്‍ലെസ് ഓപ്പറേഷനിലൂടെയാണ് നിയന്ത്രിയ്ക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഏറെ ദൂരെയുള്ള പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
പമ്പ് ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ സ്‌ക്രീനില്‍ പ്രവര്‍ത്തന വിവരങ്ങള്‍ തെളിയുകയും ചെയ്യും. സമിതി അംഗങ്ങള്‍ക്ക് മരണാനന്തര സഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് കെ.എസ് സുശീല്‍ കുമാര്‍, സെക്രട്ടറി സുരേഷ്. ബി ആണ് ഗ്രാമസിരയുടെ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."