പിടിച്ചുപറി കേന്ദ്രമായി ദേശീയപാത; സ്‌കൂട്ടര്‍ യാത്രക്കാരായ വീട്ടമ്മമാര്‍ ഭീതിയില്‍
കരുനാഗപ്പള്ളി: പുതിയകാവ് മുതല്‍ ഓച്ചിറ കൃഷ്ണപുരം വരെയുള്ള ദേശീയപാത പിടിച്ചുപറി കേന്ദ്രമാകുന്നു. ന്യൂജനറേഷന്‍ ബൈക്കുകളില്‍ പ്രത്യേകതരമായ പ്രകാശം തെളിച്ചു കൊണ്ട് നിരത്തില്‍ കറങ്ങി നടന്ന് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന വീട്ടമ്മമാരെ പിന്തുടര്‍ന്നെത്തിആക്രമിച്ച് സ്വര്‍ണവും മറ്റും കവരുന്ന സംഘമാണ് പാതയോരം തട്ടിപ്പ് കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിക്ക് ഓണപുടവയും വാങ്ങി കായംകുളത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ ആക്രമിച്ച് നാല് പവന്‍ സ്വര്‍ണം അപഹരിച്ചിരുന്നു.
അക്രമത്തില്‍ തൊടിയൂര്‍ സ്വദേശി രമ്യ എന്ന യുവതി തലയടിച്ച് വീണ് ബോധരഹിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ മാസം 26 ന് പുതിയകാവ് ജങ്ഷനില്‍ ബേക്കറിക്കട നടത്തിവന്നയാളുടെ ഭാര്യ അഞ്ജലിയുടെ നാലു പവന്‍ സ്വര്‍ണം ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞിരുന്നു. നാലു മാസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത ചങ്ങന്‍കുളങ്ങരയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന കടത്തൂര്‍ പുത്തന്‍കണ്ടത്തില്‍ പുഷ്പകുമാരി സ്‌കൂട്ടറില്‍ വരുമ്പോള്‍ നാലര പവന്‍ തൂക്കമുള്ള മാലയും ഹെല്‍മറ്റ് ധാരികളായ യുവാക്കള്‍ പൊട്ടിച്ചെടുത്ത് കൊണ്ട് പോയിരുന്നു. ഇവകള്‍ക്കൊന്നും യാതൊരു തുമ്പും കണ്ടെത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചില്ല. ദേശീയപാതയിലെ തിരക്ക് ഒഴിഞ്ഞ സ്ഥലം നോക്കിയാണ് തസ്‌ക്കരസംഘം വിലസുന്നത്. ഓണവും പെരുന്നാളും അടുത്തതോടെ മാല പിടിച്ചുപറിയും മോഷണവും വര്‍ധിക്കാന്‍ സാധ്യതയുള്ളതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."