വിജയത്തുടക്കമിട്ട് യുവന്റസ്, നാപോളി
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയത്തോടെ സീസണിന് തുടക്കമിട്ടു. ആദ്യ പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കഗ്ലിയാരിയെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ കരുത്തരായ നാപോളിയും വിജയത്തോടെ തുടക്കമിട്ടു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് നാപോളി ഹെല്ലാസ് വെറോനയെ വീഴ്ത്തി.
മുന്നേറ്റക്കാരായ മരിയോ മാന്‍ഡ്‌സുകിച്, പോളോ ഡിബാല, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവര്‍ യുവന്റസിനായി വല ചലിപ്പിച്ചു. വെറ്ററന്‍ ഗോള്‍ കീപ്പറും ഇറ്റാലിയന്‍ ഇതിഹാസവുമായ ബുഫണ്‍ കഗ്ലിയാരിക്ക് ആശ്വസിക്കാനായി ലഭിച്ച പെനാല്‍റ്റി തടുത്തതും ശ്രദ്ധേയമായി. വീഡിയോ ടെക്‌നോളജിയിലൂടെ കഗ്ലിയാരിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഡിഗോ ഫരിയാസാണ് എടുത്തത്. താരത്തിന്റെ ഷോട്ട് ബുഫണ്‍ അനായാസം കൈപ്പിടിയിലാക്കി.
കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ മാന്‍ഡ്‌സുകിച് യുവന്റസിന് ലീഡൊരുക്കി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഡിബാലയുടെ ഗോളും വന്നു. രണ്ടാം പകുതി തുടങ്ങി 66ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ പട്ടിക പൂര്‍ത്തിയാക്കി.
-
നാണംകെട്ട് വിന്‍ഡീസ്; ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ജയം
ബിര്‍മിങ്ഹാം: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഗംഭീര വിജയം. ഒരിന്നിങ്‌സിനും 209 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിന്‍ഡീസിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 168 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത അവര്‍ വെറും 137 റണ്‍സില്‍ കൂടാരം കയറി ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം ഒരുക്കി.
ആദ്യ ഇന്നിങ്‌സില്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്ലേക്ക്‌വുഡ് മാത്രമാണ് വിന്‍ഡീസിനായി പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്‌വയ്റ്റാണ് ടോപ് സ്‌കോറര്‍.
ഇംഗ്ലീഷ് പേസ് ബൗളര്‍മാരുടെ മികച്ച ബൗളിങാണ് വിന്‍ഡീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ജെയിംസ് ആന്‍ഡേഴ്‌സന്‍- സ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യം രണ്ടിന്നിങ്‌സിലുമായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ മൂന്നും ബ്രോഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബ്രോഡ് മൂന്നും ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകളെടുത്തു. രണ്ടിന്നിങ്‌സിലുമായി റോളണ്ട് ജോണ്‍സും രണ്ട് വീതം വിക്കറ്റുകളെടുത്തു.
നേരത്തെ മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ ഇരട്ട സെഞ്ച്വറി (243)യാണ് ഇംഗ്ലണ്ടിന്റെ മികച്ച സ്‌കോറിന് അടിത്തറ പാകിയത്. നായകന്‍ ജോ റൂട്ട് സെഞ്ച്വറി (136)യുമായി കുക്കിനെ പിന്തുണച്ചു. കുക്കാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."