ലങ്കന്‍ ശിക്കാര്‍
ദാംബുല്ല: ടെസ്റ്റ് പരമ്പര തൂത്തുവാരി ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 127 പന്തുകള്‍ ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 43.2 ഓവറില്‍ 216 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 28.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 220 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയും (പുറത്താകാതെ 132) നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും (പുറത്താകാതെ 82) ഇന്ത്യന്‍ ജയം അനായാസമാക്കി. വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും പിരിയാത്ത രണ്ടാം വിക്കറ്റില്‍ ധവാന്‍- കോഹ്‌ലി സഖ്യം നിലയുറപ്പിച്ചതോടെ ലങ്കയ്ക്ക് മറുപടിയില്ലാതെ പോയി. രോഹിത് നാല് റണ്‍സില്‍ റണ്ണൗട്ടായി.
90 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 20 ഫോറുകളും അടങ്ങിയതാണ് ധവാന്റെ 132 റണ്‍സ്. കരിയറിലെ 11ാം ശതകമാണ് ഇന്ത്യന്‍ ഓപണര്‍ ധാംബുല്ലയില്‍ കുറിച്ചത്. 70 പന്തില്‍ 10 ഫോറും ഒരു സിക്‌സുമടക്കമാണ് കോഹ്‌ലി 82 റണ്‍സ് വാരിയത്. കരിയറിലെ 44ാം അര്‍ധ ശതകമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കുന്നതില്‍ ലങ്കന്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. ഡിക്ക്‌വെല്ലയും ഗുണതിലകയും ചേര്‍ന്ന ഓപണിങ് സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസും അല്‍പ്പ നേരം പിടിച്ചു നിന്നു. അതിന് ശേഷം ലങ്ക കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. ഡിക്ക്‌വെല്ലയാണ് ടോപ് സ്‌കോറര്‍. താരം 64 റണ്‍സെടുത്തു. ഗുണതിലക (35), കുശാല്‍ മെന്‍ഡിസ് (36), ആഞ്ജലോ മാത്യൂസ് (പുറത്താകാതെ 36) എന്നിവരും പിടിച്ചു നിന്നു. ബാക്കിയെല്ലാവരും ചടങ്ങ് തീര്‍ക്കാനെന്ന ഭാവത്തില്‍ ക്രീസിലെത്തി മടങ്ങി.
പത്തോവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ബുമ്‌റ, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ലങ്കന്‍ വീഴ്ച എളുപ്പമാക്കി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍. രണ്ടാം ഏകദിനം ഈ മാസം 24ന് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."