നേതൃത്വത്തെ ധിക്കരിച്ച് വാഴക്കാട്ട് രാജീവ് സ്മൃതി സംഗമം നടത്തി മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ച രാജീവ് സ്മൃതി സംഗമം ഒരുവിഭാഗം നടത്തി
എടവണ്ണപ്പാറ: ഉന്നത നേതാക്കള്‍ ഇടപെട്ട് വാഴക്കാട് മണ്ഡലത്തില്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട രാജീവ് സ്മൃതി സംഗമം ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തി. നേതൃത്വത്തിന്റെ ഉത്തരവിനെ ലംഘിച്ച് രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ രൂപീകരിച്ച സംഘടനയാണ് ഇന്നലെ രാവിലെ 11ന് വാഴക്കാട്ട് രാജീവ് സ്മൃതി സംഗമം പരിപാടി നടത്തിയത്.
വാഴക്കാട് മണ്ഡലത്തില്‍ രാജീവ്ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് എന്നീ പേരുകളില്‍ കോണ്‍ഗ്രസില്‍ വേര്‍തിരിഞ്ഞ് രാജീവ്സ്മൃതി സംഗമം പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. രാവിലെ 8.30ന് എടവണ്ണപ്പാറയിലും ഒന്‍പതിന് വാഴക്കാട്ടുമായിട്ടായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഇതിനുള്ള തയാറെടുപ്പുകള്‍ ഇരു കൂട്ടരും നടത്തിയിരുന്നു. തുടര്‍ന്ന് ആര്യാടന് മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവര്‍ രണ്ട് പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്കി. ഇതുപ്രകാരം മണ്ഡലം പ്രസിഡന്റ് പി.കെ മുരളീധരന് ഇരു കൂട്ടര്‍ക്കും രേഖാമൂലം ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ഉത്തരവിന് വില കല്‍പ്പിക്കാതെയാണ് ഒരു വിഭാഗം പരിപാടി നടത്തിയത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.
വാഴക്കാട് നടന്ന പരിപാടി പരിപാടി അഡ്വ.സുനുബീയ ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഷംസു മപ്രം അധ്യക്ഷനായി. ഹംസത്തലി, റിയാസ് വാഴക്കാട്, സി.കെ റഷീദ്, സി.കെ കമ്മു, ചിറ്റന് ഷഫീഖ്, വേണു, ഉണ്ണികൃഷ്ണന്, സുല്‍ഫീക്കര്‍ വാഴക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."