അരീക്കോടിനെ സംസ്ഥാനത്തെ ആദ്യ ഫുട്ബോള്‍ ഹബ്ബാക്കി മാറ്റും: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
അരീക്കോട്: അരീക്കോടിനെ സംസ്ഥാനത്തെ ആദ്യ ഫുട്ബോള്‍ ഹബ്ബാക്കി മാറ്റുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍താരം സി. ജാബിറിന്റെ സ്മരണക്കായി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നിര്‍മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് ഹബ്ബ് നിര്‍മിക്കുക. ഹബ്ബ് നിര്‍മാണവുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കി പദ്ധതി തയാറാക്കി നല്‍കണമെന്ന് സ്പീക്കര്‍ പി.കെ ബഷീര്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു. ജാബിറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സഹജമായ ഫുട്‌ബോള്‍ കളിക്കാരുടെ നാടാണ് അരീക്കോട്. അരീക്കോടിന്റെ ഫുട്‌ബോള്‍ പെരുമയെകുറിച്ച് അറിയാത്തവരായി ആരുംതന്നെ കാണില്ല. സ്മാരകം പൂര്‍ത്തിയാകുന്നതോടെ അരീക്കോടന്‍ ഫുട്‌ബോള്‍ പെരുമ വാനോളം ഉയരുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തെരട്ടമ്മല്‍ യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി.
എം.എസ്.പി കമാന്‍ഡന്റ് യു.ഷറഫലി, ഡെ.കമാഡന്റ് കുരികേഷ് മാത്യു, ഇന്റര്‍നാഷണല്‍താരം ഐ.എം വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.പി റൗഹൂഫ്, പി.കെ അബ്ദുറഹ്മാന്‍, അബ്ദുല്‍ കരീം കാഞ്ഞിരാല, കെ ഭാസ്‌ക്കരന്‍, എന്‍.കെ യൂസഫ്, കെ മുഹമ്മദ്, പി.മൊയ്ദീന്‍കുട്ടി, കെ.എം കുര്യാക്കോസ്, പി.അബൂബക്കര്‍, ടി.സോമസുന്ദരന്‍, യു.സമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."