'നിര്‍ഭയമായി ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് കോണ്‍ഗ്രസ് '
മലപ്പുറം: രാജ്യത്തു നിര്‍ഭയമായി ജീവിക്കാന്‍ കഴിയുമെന്ന് ഓരോ ഇന്ത്യക്കാരനുമുണ്ടായിരുന്ന ആത്മവിശ്വാസംതന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്കു ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞതു രാജീവ്ഗാന്ധിയുടെ ദീര്‍ഘവീക്ഷണമാണ്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. എന്നാല്‍, ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയുടെ കാര്യത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹിറ്റ്‌ലറുടെ മാതൃക പിന്തുടരുന്ന മോദി രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുചെയ്തുവെന്നു വ്യക്തമാക്കണം. ഭരണപരാജയം മറച്ചുവയ്ക്കാനാണ് മോദി വര്‍ഗീയത ആളിക്കത്തിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ 15 കോടി രൂപ നല്‍കിയ ബി.ജെ.പിക്കാര്‍ക്ക് അഴിമതിയെക്കുറിച്ചു പറയാന്‍ എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ മതേതര കക്ഷികളെ യോജിപ്പിച്ചു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഉടന്‍ തുടക്കംകുറിക്കും.
ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലേക്കു മത്സരിക്കാന്‍ വിമുഖത കാണിച്ച സി.പി.എം മുഖ്യ ശത്രുവായി കാണുന്നത് ആരെയാണെന്നു വ്യക്തമാക്കണം. കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന കാര്യങ്ങള്‍തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയ്‌മോഹന്‍, വി.എ കരീം, കെ.പി അബ്ദുല്‍മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."