ഹജ്ജിനായി ബ്രിട്ടനില്‍ നിന്നും സൈക്കിളില്‍ ഒന്‍പതംഗ സംഘം മക്കയിലെത്തി
റിയാദ്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ബ്രിട്ടനില്‍ നിന്നും സൈക്കിള്‍ മാര്‍ഗ്ഗം മക്കയിലേക്ക് പുറപ്പെട്ട ഒന്‍പതംഗ സംഘം പുണ്യ ഭൂമിയിലെത്തി. ആറാഴ്ച്ച നീണ്ട വിശാലമായ യാത്രക്കൊടുവിലാണ് സംഘം തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പുണ്യ ഭൂമിയില്‍ എത്തി ചേര്‍ന്നത്.
വിവിധ രാജ്യങ്ങള്‍ സൈക്കിള്‍ ചവിട്ടി പിന്നോട്ടാക്കിയ ഇവര്‍ മുവ്വായിരം കിലോമീറ്ററുകളാണ് താണ്ടിയത്. ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സ്, ഇറ്റലി ഗ്രീസ്, ഈജിപ്ത് വഴിയാണ് ഇവര്‍ സഊദിയിലേക്ക് പ്രവേശിച്ചത്.
ബ്രിട്ടന് ആസ്ഥാനമായുള്ള മനുഷ്യാവകാശ ചാരിറ്റി ലക്ഷ്യമിടുന്ന സംഘടനയുടെ ലേബലിലാണ് സംഘം യാത്ര ചെയ്യുന്നത്. ജിദ്ദയിലെത്തിയ സംഘത്തെ സഊദി സൈക്കിളിസ്റ്റ് ഗ്രൂപ് സ്വീകരിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതം എന്ന നിലയില്‍ ഇസ്ലാമിനെ കുറിച്ച് പ്രശോഭിതമായ ചിത്രം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു സാഹസിക യാത്ര സംഘടിപ്പിച്ചതെന്ന് സംഘം പറഞ്ഞു.
ലണ്ടനില്‍ നിന്നും മക്കയിലേക്കുള്ള സൈക്കിള്‍ യാത്രയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന സിറിയയില്‍ മെഡിക്കല്‍ സഹായത്തിനായുള്ള ധനസമാഹരണമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ മാസം ജൂലൈ പതിനാലിന് ആരംഭിച്ച സൈക്കിള്‍ യാത്രയില്‍ ഒരു മില്യണ്‍ യൂറോയാണ് സമാഹരണ ലക്ഷ്യമെന്നു സംഘം യാത്രയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."