ജീവവായുവില്ലാതെ വീണ്ടും; ഓക്‌സിജന്‍ ലഭിക്കാതെ ഛത്തീസ്ഗഡില്‍ മൂന്നു നവജാത ശിശുക്കള്‍ മരിച്ചു
റായ്പൂര്‍: ഗോരഖ്പൂര്‍ ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടു മാറും രാജ്യത്ത് വീണ്ടും സമാന സംഭവം. ഓക്‌സിജന്‍ ലഭിക്കാതെ ഛത്തീസ്ഗഡില്‍ മൂന്നു നവജാത ശിശുക്കള്‍ മരിച്ചു. റായ്പൂര്‍ ബി.ആര്‍ അംബേദ്ക്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ഓക്‌സിജന്റെ ലഭ്യതക്കുറവല്ല മരണകാരണമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ അവരുടെ രോഗം മൂലമാണ് മരിച്ചതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡയരക്ടര്‍ ആര്‍ പ്രസന്ന മാധ്യമപ്രവര്‍കരോട് പറഞ്ഞു. ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ ശ്രദ്ധയില്‍പെടുത്തിയ ഉടന്‍ തന്നെ സി.എം.ഒയും സൂപ്പര്‍ഇന്‍ഡെന്റും ഇടപെട്ടതായും പ്രശ്‌നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓക്‌സിജന്‍ വിതരണ വിഭാഗത്തിലെ ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി രമണ്‍സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ബി.ജെ.പി സര്‍ക്കാറാണ് ഛത്തിസ്ഗഡ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ 73 കുട്ടികള്‍ മരിച്ചിരുന്നു. ഈ ദുരന്തം നടന്ന ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സംഭവമെന്നത് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."