നഗരത്തില്‍ നടപ്പാക്കിയത് അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരമെന്ന്
പാലക്കാട്: നഗരത്തില്‍ ആഘോഷവേളകള്‍ അടുക്കുമ്പോള്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ അശാസ്ത്രിയമാവുന്നത് ഗതാഗത കുരുക്കിനപ്പുറം വാഹന യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കുന്നു. കഴിഞ്ഞയാഴ്ച്ച സുല്‍ത്താന്‍പേട്ട ജങ്ഷനിലും സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്നിലും ട്രാഫിക്ക് പൊലിസിന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഗതാഗത പരിഷ്‌കാരങ്ങളാണ് വിജയകരമെന്ന അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
2013 ല്‍ പാലക്കാട് നടന്ന സംസ്ഥാന കലോല്‍സവത്തിന്റെ ഭാഗമായി സ്വതന്ത്ര സഞ്ചാര മേഖലയായി (ഫ്രീ ട്രാഫിക് സോണ്‍) പ്രഖ്യാപിച്ച സുല്‍ത്താന്‍ പേട്ട ജങ്ഷനില്‍ നടത്തിയ ഗതാഗത പരിഷ്‌കാരമാണ് വാഹന യാത്രക്കാരെ വട്ടം കറക്കുന്നതിനപ്പുറം വരും നാളുകളില്‍ ഗതാഗത കുരുക്കിനും കാരണമാകുന്നത്.
ഹെഡ് പോസ്റ്റ് ഓഫിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങളെ നേരിട്ട് കോര്‍ട്ട് റോഡിലേക്ക് പ്രവേശിപ്പിക്കാതെ ഇടത്തോട്ട് തിരിഞ്ഞ് സ്റ്റേഡിയം ബൈപ്പാസ് വഴി കോര്‍ട്ട് റോഡിലേക്ക് പ്രവേശിപ്പിക്കാനാണ് പുതിയ പരിഷ്‌കാരം. എന്നാല്‍ പുതിയ പരിഷ്‌കാരം മൂലം ഇടത്തോട്ട് തിരിഞ്ഞ് വരുന്ന മുഴുവന്‍ വാഹനങ്ങള്‍ സ്റ്റേഡിയം റോഡിലെ പോക്കറ്റ് റോഡിലൂടെ പോകുന്നതും തിരിഞ്ഞു പോകുന്നതും സ്റ്റാന്‍ഡിന് മുന്നില്‍ ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകുന്നതും ഗതാഗത കുരുക്കിനപ്പുറം അപകടങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല ഹെഡ് പോസ്റ്റ് ഓഫിസ് റോഡില്‍ നിന്നും ജില്ലാ ആശുപത്രി ഭാഗത്തേക്ക് ഓട്ടോയില്‍ സഞ്ചരിക്കേണ്ടവര്‍ക്ക് അമിത ചാര്‍ജും നല്‍കേണ്ടി വരും.
എന്നാല്‍ പുതിയ പരിഷ്‌കാരം മൂലം വാഹനങ്ങള്‍ നേരിട്ട് കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കാനാവാത്തതിനാല്‍ സുല്‍ത്താന്‍ പേട്ട ജങ്ഷനില്‍ യാത്രക്കാരും വാഹന യാത്രക്കാരും പൊലിസുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുന്ന സ്ഥിതി വിശേഷമാണ്. മാത്രമല്ല മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും വരുന്ന പൂടുര്‍ കോട്ടായി കുത്തനൂര്‍ ബസുകള്‍ മണലി ബൈപാസ് വഴി പോകുന്നതു മൂലം ഹെഡ് പോസ്റ്റ് ഓഫിസ് ഭാഗത്തു നിന്നുളള യാത്രക്കാര്‍ക്ക് സ്റ്റേഡിയത്തോക്കോ മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കോ ഓട്ടോയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചും പരിഷ്‌കാരം അശാസ്ത്രിയമായതിനാലും ബസുകളെല്ലാം വീണ്ടും പഴയപടി ആവുകയായിരുന്നു.
പുതിയ പരിഷ്‌കാരത്തില്‍ മണലി ബൈപാസ് വഴി വരുന്ന ബസുകള്‍ സ്റ്റാന്‍ഡിനകത്തേക്ക് കയറാതെ ബൈപാസ് റോഡില്‍ നിര്‍ത്തി ആളെ ഇറക്കാനുള്ള പുതിയ പരിഷ്‌കാരം തികച്ചും അശാസ്ത്രീയവും ഗതാഗത കുരുക്കിനും കാരണമാകും. കാരണം കഴിഞ്ഞ വര്‍ഷം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റാന്‍ഡിന് മുന്നില്‍ ബൈപാസ് റോഡിലെ ബസ്റ്റോപ്പ് ട്രാഫിക് പോലീസ് എടുത്തു കളഞ്ഞിടത്താണ് വീണ്ടും ബസുകള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഹെഡ് പോസ്റ്റ് ഓഫിസ് വഴിയുള്ള മുഴുവന്‍ വാഹനങ്ങളും സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്നിലേക്കെത്തുന്നത് വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഗതാഗത കുരുക്കിന് കാരണമാകും. പ്രവര്‍ത്തന രഹിതമായ സിഗ്നല്‍ സംവിധാനങ്ങളും മതിയായ ഗതാഗത നിയന്ത്രണത്തിന് മതിയായ പൊലിസുകാരുടെ സേവനവും ഇല്ലാത്ത സ്റ്റേഡിയം സ്റ്റാന്‍ഡ് ജങ്ഷനില്‍ പുതിയ പരിഷ്‌കാരം വാഹനയാത്രക്കാര്‍ക്ക് ഏറെ ദുരിതമാകും.
പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി സുഗമമായി സിഗ്നല്‍ സംവിധാനമുള്ള എസ്.ബി.ഐ ജങ്ഷനില്‍ സിഗ്നല്‍ സംവിധാനമില്ലാതെ റൗണ്ട് എബൗട്ട് സംവിധാനം നടപ്പിലാക്കുന്നതും അശാസ്ത്രിയമാണ്. സുല്‍ത്താന്‍പേട്ട ജങ്ഷന്‍ വഴി വരുന്ന വാഹനങ്ങള്‍ മാതാകോയില്‍ റോഡിലൂടെയും ബൈപാസ് ജങ്ഷനില്‍ നിന്നും പാളയപേട്ട വഴി കോര്‍ട്ട് റോഡിലേക്കും ജില്ലാ ആശുപത്രി ഭാഗത്തേക്കും പോകുന്നത് ആരാധാനാലയങ്ങളും സ്‌കൂളുകളും ഉള്ള ഹരിക്കാര തെരുവ് ഭാഗത്ത് ഏറെ ഗതാഗത കുരുക്കിന് കാരണമാവും.
മാസങ്ങള്‍ക്കുമുമ്പ് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് മുമ്പില്‍ മേട്ടുപ്പാളയം തെരുവില്‍ നിന്നുമുള്ള വാഹനങ്ങള്‍ സുല്‍ത്താന്‍പേട്ട ഭാഗത്തേക്ക് വലത്തോട്ട് തിരിയുന്നത് തടഞ്ഞ് ഡിവൈഡറുകള്‍ സ്ഥാപിച്ച് നടത്തിയ പരിഷ്‌കാരം അശാസ്ത്രീയമായതിനെ തുടര്‍ന്ന് ട്രാഫിക്ക് പൊലിസ് എടുത്തു കളഞ്ഞിരുന്നു. നഗരത്തില്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ വാഹന ഉടമകള്‍, പാസഞ്ചര്‍സ് അസോസിയേഷന്‍, കാല്‍നട യാത്രക്കാര്‍ എന്നിവരുടമായി ചര്‍ച്ച നടത്തി ശാസ്ത്രീയമായി നടപ്പിലാക്കാന്‍ ശ്രമിക്കാതെ തിരക്കേറിയ കവലകളില്‍ നൂറ്റാണ്ടുകളായി ഗതാഗത കുരുക്ക് തീരാശാപമായ നഗരത്തില്‍ പൊടുന്നനെ നടപ്പിലാക്കുന്ന അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങള്‍ വാഹന യാത്രക്കാരെ വട്ടം കറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."