ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് അടിമാലിയില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ. കെ. ബാലന് ഓണക്കിറ്റ് വിതരണവും, വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഓണക്കോടി വിതരണവും നടത്തും. എസ് .രാജേന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും നല്‍കുന്നതാണ് പരിപാടി. 1,55,471 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. ഒന്‍പത് സാധനങ്ങള്‍ ഉള്ള ഒരു ഓണക്കിറ്റിന് 849 രൂപയാണ് ചെലവിടുന്നത്. 15 കിലോ അരി, ചെറുപയര്‍ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (1 കി.ഗ്രാം), ഉപ്പ് പൊടി (1 കിലോ ഗ്രാം), പരിപ്പ് (250 ഗ്രാം), തേയില (200 ഗ്രാം) എന്നിവ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. 13.19 കോടി രൂപ ഇതിനായി അനുവദിച്ചു.
ഓണക്കോടിക്ക് സ്ത്രീകള്‍ക്ക് 815 രൂപയും പുരുഷന്മാര്ക്ക് 670 രൂപയും ആണ് ചെലവഴിക്കുന്നത്. കസവ് ഡബിള്‍ മുണ്ടും, വെള്ള തോര്‍ത്തുമാണ് പുരുഷന്മാര്ക്കുള്ള ഓണക്കോടി. കസവ് സെറ്റ് മുണ്ടും നേരിയതുമാണ് സ്ത്രീകള്‍ക്കുള്ള ഓണക്കോടി. 3.98 കോടി രൂപയാണ് ഓണക്കോടിക്കായി ചെലവഴിക്കുന്നത്.
17.17 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആകെ ചെലവ്. ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്റെക്സില്‍ നിന്നുമാണ് വാങ്ങി നല്‍കുന്നത്. ഈ മാസം 30 ന് തന്നെ വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."