പട്ടികജാതി കുടുംബങ്ങളുടെ സംരക്ഷണം: 25 ലക്ഷം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: തുറവൂര്‍ പഞ്ചായത്തിലെ രണ്ടും പതിനഞ്ചും വാര്‍ഡുകളിലുള്ള 10 കിലോമീറ്റര്‍ ചുറ്റളവിലെ നെല്പാടശേഖരങ്ങളുടെ ഇരുകരകളിലും താമസിക്കുന്ന പട്ടികജാതി വിഭാക്കാരുടെ വീടുകള്‍ക്ക് കോര്‍പ്പസ് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പട്ടികജാതിക്കാര്‍ താമസിക്കുന്ന വീടുകള്‍ക്ക് ചുറ്റും കരിങ്കല്‍ഭിത്തി കെട്ടുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആലപ്പുഴ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
തുറവൂര്‍ നെല്പാടശേഖര സമിതി കണ്‍വീനര്‍മാരായ കെ.കെ രാജേഷും രജിമോനും നല്കിയ പരാതിയിലാണ് നടപടി. നെല്ല് മാത്രം വിളയുന്ന നെല്പാടശേഖരങ്ങളുടെ ഇരുകരകളിലും ജീവിക്കുന്നവരുടെ ഉപജീവനം മുട്ടിക്കാന്‍ ചെമ്മീന്‍ കരാറുകാരും കര്‍ഷക സംഘം പ്രതിനിധികളും ചേര്‍ന്ന് ഉപ്പുവെള്ളം കെട്ടിനിര്‍ത്തി കൃഷി അട്ടിമറിക്കുകയാണെന്നാണ് പരാതി. കമ്മീഷന് കൃഷി വകുപ്പ്, ഫിഷറീസ്, ജില്ലാ പഞ്ചായത്ത്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.
ഇറിഗേഷന്‍ വകുപ്പ് അന്ധകാരനഴി ഷട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി ഉപ്പുവെള്ളം എത്തുന്നത് ഒഴിവാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടര്‍ പാടശേഖരസമിതിയുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും യോഗം വിളിച്ചുകൂട്ടി തുറവൂര്‍ പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി ജനോപകാരപ്രദമായി നടപ്പിലാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പൊക്കാളി പാടങ്ങളില്‍ നെല്‍കൃഷി കഴിഞ്ഞ് മത്സ്യകൃഷി നടത്തുന്നത് നെല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ഇതുവഴി മണ്ണിന്റെ വളക്കൂറ് സ്ഥായിയായി നിലനില്ക്കും. ഓരുമുട്ട് സ്ഥാപിച്ചാല്‍ അന്ധകാരനഴി വഴി ഉപ്പുവെള്ളം പാടശേഖരങ്ങളില്‍ കയറുന്നത് നിയന്ത്രിക്കാന്‍ കഴിയും. കഴിഞ്ഞകാലങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന കൃഷി രീതി തുറവൂര്‍ പാടശേഖരങ്ങളില്‍ അനുവര്‍ത്തിച്ച് നെല്‍കൃഷിയും മത്സ്യകൃഷിയും ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ഉത്തരവു നല്കി. ആലപ്പുഴ ജില്ലാ കളക്ടര്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പട്ടികജാതി വികസന വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."