മന്ത്രിയുടെ രാജി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്, സ്വാശ്രയ മെഡിക്കല്‍ വിഷയങ്ങളില്‍ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും നിയമസഭ പ്രക്ഷുബ്ധമായി. കെ.സി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
ഒരാഴ്ചക്കുള്ളില്‍ മൂന്നുതവണയാണ് ആരോഗ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചതെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് കെ.സി ജോസഫ് ചൂണ്ടിക്കാട്ടി. ബാലാവകാശ കമ്മിഷനില്‍ മന്ത്രിനടത്തിയ രണ്ട് നിയമനങ്ങളും കോടതി റദ്ദാക്കുകയും ചെയ്തു.
മന്ത്രി അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടത്തിയത്. കോടതിയുടെ വാക്കാലുള്ള പരാമര്‍ശമുണ്ടായപ്പോള്‍ കെ.പി വിശ്വനാഥനും കെ.കെ രാമചന്ദ്രന് മാസ്റ്ററും കെ.എം മാണിയും രാജിവച്ച പാരമ്പര്യമാണ് സംസ്ഥാനത്തുള്ളത്. ലാവ്ലിന് കേസിന്റെ കോടതി വിധിയെ ശ്ലാഘിക്കുകയും കമ്മിഷന് സംബന്ധിച്ച വിധിയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ശരിയാണോയെന്നും കെ.സി ജോസഫ് ചോദിച്ചു.
വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ഇത്ര നിസ്സാരമായ കാര്യം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യമില്ല. കേസില്‍ മന്ത്രി കക്ഷിയല്ല. മന്ത്രിക്കെതിരായ പരാമര്‍ശം വിധിയിലുമില്ല. കമ്മിഷന് നിയമനം നീട്ടിവച്ചതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. കോടതി നോക്കിയത് കേവലം സാങ്കേതികമായ കാര്യങ്ങളാണ്. മന്ത്രിക്കെതിരായ പരാമര്‍ശങ്ങളായി അത് ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്ലിന് കേസിന്റെ നാള്‍വഴികളും മുഖ്യമന്ത്രി സഭയില്‍ നിരത്തി.
കെ.സി ജോസഫ് ഉന്നയിച്ച വിഷയങ്ങള്‍ക്കല്ല, ലാവ്ലിന് കേസിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബാലാവകാശ കമ്മിഷന് നിയമനത്തില്‍ മന്ത്രിക്ക് വീഴ്ചപറ്റിയില്ലെങ്കില് പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ എന്തിനാണ് കോടതിയെ സമീപിച്ചതെന്ന് ചെന്നിത്തല ചോദിച്ചു. കോടതിവിധികള്‍ അനുകൂലമാകുമ്പോള്‍ ഒരുനയവും പ്രതികൂലമാകുമ്പോള്‍ വേറൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു. അടിയന്തരപ്രമേയ വിഷയത്തിനല്ല, പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കന്നട ഭാഷയില്‍ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ അവഹേളിച്ചത് ശരിയായില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."