സഊദി ബാലന്‍ റിസോര്‍ട്ടില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം
കോട്ടയം: സഊദി അറേബ്യ സ്വദേശിയായ എട്ടുവയസുകാരന്‍ കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ജിദ്ദയില്‍നിന്ന് കുടുംബത്തോടൊപ്പമെത്തിയ അലാബിന്‍ മജീദ് ഇബ്രാഹീമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. സ്വിമ്മിങ് പൂളില്‍നിന്ന് ഷോക്കേറ്റാണ് മകന്‍ മരിച്ചതെന്നും റിസോര്‍ട്ട് അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്.ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളം പ്രവര്‍ത്തിക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് പിതാവ് കുമരകം പൊലിസില്‍ പരാതിയും നല്‍കി.
ഇതേത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.സംഭവത്തെക്കുറിച്ച് കുമരകം എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. അഞ്ചുകുട്ടികളടക്കം ഏഴംഗ സഊദി കുടുംബം മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച രാവിലെയാണ് കുമരകത്തെത്തിയത്. മുതിര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം ഹോട്ടലിന്റെ നീന്തല്‍ക്കുളത്തിന് സമീപം കളിച്ചിരുന്ന അലാബിന്‍ മജീദ് കുളത്തിലേക്കിറങ്ങുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നയാള്‍ രക്ഷിക്കാനെത്തിയെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിസോര്‍ട്ടുകാരുടെ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്നും നീതിലഭിക്കും വരെ പോരാട്ടം തുടരുമെന്നും പിതാവ് ഇബ്രാഹിം പ്രതികരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം സ്വദേശമായ ജിദ്ദയിലേക്ക് കൊണ്ടുപോവും. അതേസമയം, കുട്ടിയുടെ മരണം ഷോക്കേറ്റാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്താനായില്ലെന്ന് കുമരകം എസ്.ഐ രജന്‍കുമാര്‍ അറിയിച്ചു. കോട്ടയം ഡിവൈ.എസ്.പി സഖറിയാ മാത്യൂസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തി. ദൃക്‌സാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."