കക്കാട് നീന്തല്‍ക്കുളം നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം
കണ്ണൂര്‍: കക്കാട് പുഴയോരത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച നീന്തല്‍ക്കുളം നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ദേശിയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച മൂന്ന് പ്രോജക്ടുകളിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇതു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ് സംസ്ഥാന വിജിലന്‍സ് ഡയരക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. സംസ്ഥാനത്ത് ദേശീയ ഗെയിംസിന്റെ പേരില്‍ നടന്ന 100ഓളം പ്രോജക്ടുകളെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു. പദ്ധതിയുടെയെല്ലാം നിര്‍മാണ ചുമതല അന്നത്തെ കായിക മന്ത്രിക്കയിരുന്നെന്നും കോടിക്കണക്കിന് രൂപചിലവിട്ട് നിര്‍മിച്ച പ്രോജക്ടുകളെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നീന്തല്‍ക്കുളം നിര്‍മിച്ചത്. 55 ലക്ഷം രൂപയായിരുന്നു ചിലവ്. സ്‌മൈല്‍ പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എന്റേര്‍ണിറ്റി പൂള്‍ൃസ് ആന്റ് ഗാര്‍ഡണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. ദേശീയ ഗെയിംസ് സെക്രട്ടേറിയേറ്റിനായിരുന്നു നിര്‍മാണച്ചുമതല.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായി തുറന്നുകൊടുക്കാന്‍ പദ്ധതിയിട്ടുവെങ്കിലും ചുറ്റുമതിലും മറ്റു സൗകര്യവുമില്ലാത്തതിനാല്‍ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. എന്നാല്‍ പി.കെ ശ്രീമതി ഇടപെട്ട് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിനിടേയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.
മുന്‍ കൗണ്‍സില്‍ ഭാരവാഹികളെക്കുറിച്ച് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ വിനീഷ് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."