ബോണക്കാട് കുരിശുമലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു; സംഘര്‍ഷം
നെടുമങ്ങാട്: ബോണക്കാട് കുരിശു മലയില്‍ വിശ്വാസികള്‍ പൊലിസിനെ മറികടന്നെത്തി കുരിശ് സ്ഥാപിച്ചു. ഉന്തിലും തള്ളിലും വനംവകുപ്പ് ഡപ്യൂട്ടി റേഞ്ചര്‍ സ്റ്റാലിന്‍ ജോസിനും മൂന്നു പൊലിസുകാര്‍ക്കും പരുക്കേറ്റു. താല്‍ക്കാലിക അള്‍ത്താരയിലെ തകര്‍ത്ത ബലിപീഠം പുനഃസ്ഥാപിച്ച് കുര്‍ബാനയും നടത്തി. ഇന്നലെ പ്രാര്‍ഥിക്കാന്‍ ബോണക്കാട് പള്ളിയിലെത്തിയ വിശ്വാസികള്‍ ഇവിടെ നിന്നാണ് അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള കുരിശുമലയിലേക്ക് പോയത്. പ്രതീകാത്മകമായി മരക്കുരിശാണ് സ്ഥാപിച്ചത്. എന്നാല്‍ വിശ്വാസികള്‍ പിന്‍വാങ്ങിയ ശേഷം പൊലിസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് ഈ കുരിശ് നീക്കം ചെയ്തു.
ദിവസങ്ങള്‍ക്കു മുന്‍പ് ബോണക്കാട് കുരിശുമലയിലുണ്ടായിരുന്ന മൂന്നു കുരിശുകള്‍ വനം വകുപ്പ് അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ വിരുദ്ധര്‍ മറ്റു മൂന്നു കുരിശുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ വിതുരയില്‍ രാപ്പകല്‍ സമരം നടത്തിവരികയാണ്.
അതിനിടെ ഇന്നലെ സംഭവത്തിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്താത്ത പൊലിസിനും സര്‍ക്കാരിനുമെതിരേ പള്ളികളില്‍ ഇടയലേഖനം വായിച്ചു. നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും നീതി ലഭിക്കുന്നത് വരെ സമരം നടത്തുമെന്നും ഇടവക ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."