ട്രെയിന്‍ തട്ടി ഉമ്മയും മകളും മരിച്ച സംഭവം: അപകടത്തിന് കാരണം വെള്ളം നിറഞ്ഞ അടിപ്പാത; കണ്ണീരണിഞ്ഞ് നാട്
വടകര: ഇന്നലെ മുക്കാളി പട്യാട്ട് അടിപ്പാതക്കു സമീപം ട്രെയിന്‍ തട്ടി ഉമ്മയും മകളും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ അടിപ്പാതയില്‍ വെള്ളം കയറിയതാണ് സെറീനയും തെസ്‌നിയും റെയില്‍പാളം മുറിച്ചുകടക്കാന്‍ കാരണം.
അടിപ്പാതയില്‍ വെള്ളവും ചെളിയും നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കും ഇതുവഴി പോകാന്‍ കഴിയാറില്ല. കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ വശങ്ങളില്‍ കല്ലുകള്‍ ഇട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഇതും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. ഇതാണ് ഉമ്മയെയും മകളെയും റെയില്‍വേ ട്രാക്കിലേക്കു കയറാന്‍ നിര്‍ബന്ധിതരാക്കിയത്.
പഠനത്തില്‍ മിടുക്കിയായ തെസ്‌നിക്ക് പ്ലസ്ടുവിനു ശേഷം ബി.ഡി.എസിന് അഡ്മിഷന്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്തേക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇന്നലെ വൈകിട്ടത്തേക്ക് ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അലോട്ട്‌മെന്റ് ഫീസിന്റെ ബാങ്ക് ഡി.ഡി എടുക്കാന്‍ പോകവെയാണ് വിധി അപകടത്തിന്റെ രൂപത്തിലെത്തി ജീവന്‍ തട്ടിയെടുത്തത്. ട്രെയിന്‍ വരുന്നത് കണ്ട് വശത്തേക്കു മാറാന്‍ ശ്രമിച്ചെങ്കിലും സമീപം പൊന്തക്കാടായതിനാല്‍ ഇതിനു സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാധാരണ ഒന്‍പതോടെ ഇതുവഴി കടന്നുപോകുന്ന ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ഇന്നലെ വൈകിയാണ് എത്തിയത്.
നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു സെറീനയും തെസ്‌നിയും. പഠനത്തില്‍ മിടുക്കിയായ തെസ്‌നിയോട് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും വലിയ സ്‌നേഹമായിരുന്നു.
നൂറുകണക്കിനാളുകളാണ് ഇരുവര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. ഖത്തറിലുള്ള പിതാവ് റഫീഖ് രാത്രിയോടെ നാട്ടിലെത്തി. തുടര്‍ന്നാണ് ഇരുവരുടെയും മയ്യിത്ത് നെല്ലാച്ചേരി ജുമാമസ്ജിദില്‍ ഖബറടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."