കൃത്രിമം കാണിച്ചാല്‍ പിടിക്കും
മഞ്ചേരി: ലീഗല്‍ മെട്രോളജി വകുപ്പ് ഓണം-ബലിപെരുന്നാള്‍ ഉത്സവകാല സഞ്ചരിക്കുന്ന ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഉത്സവകാലത്ത് വിപണിയില്‍നിന്നു വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് സെപ്റ്റംബര്‍ മൂന്നുവരെ ഹെല്‍പ് ഡെസ്‌കും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുക.
മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കിങ് രജിസ്‌ട്രേഷനെടുക്കാതെ ഉല്‍പന്നം പാക്ക് ചെയ്യുക, പാക്ക് ചെയ്ത ഉല്‍പന്നങ്ങളിലെ തൂക്കക്കുറവ്, പാക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, വില്‍പന വില മായ്ക്കുക, മറയ്ക്കുക, തിരുത്തുക, പാക്കര്‍ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ-മെയില്‍ വിലാസം രേഖപ്പെടുത്താതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുക, അളവിലും തൂക്കത്തിലും കുറവു വരുത്തുക, അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്കു ഹാജരാക്കാതിരിക്കുക, അളവും തൂക്കവും ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്തുവച്ചു ചെയ്യാതിരിക്കുക, പാക്കറ്റുകള്‍ വില്‍പന നടത്തുന്നതായ സ്ഥാപനങ്ങള്‍ ഒരു ഗ്രാം കൃത്യതയുള്ള ത്രാസ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം സൂക്ഷിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച പരിശോധനകള്‍ നടത്തും.
ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം മഞ്ചേരി സീതിഹാജി ബസ്സ്റ്റാന്‍ഡ് പരിസരത്ത് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷയായി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി നിവിന്‍ ഇബ്രാഹിം, ഇ.കെ ചെറി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ സുജ, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് സി.പി സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."