ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ: മണ്ണാര്‍ക്കാട് ഇപ്രാവശ്യവും പരീക്ഷാകേന്ദ്രമില്ല
മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷക്ക് ഇപ്രാവശ്യവും മണ്ണാര്‍ക്കാട് പരീക്ഷാ കേന്ദ്രമായില്ല. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതുന്ന മേഖലയാണ് മണ്ണാര്‍ക്കാട്. സംസ്ഥാന സാക്ഷരതാ മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ പ്രഥമ ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷ 2017 ഒക്‌ടോബര്‍ 7നാണ് തുടങ്ങുന്നത്. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ആറു വീതം പരീക്ഷകളാണുളളത്.
അക്കാദമിക് സംവിധാനം പോലെ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷക്കും ഗ്രേഡിങ് സംവിധാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ഡിപ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചാല്‍ മാത്രമെ പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കുകയൊളളു. ഒന്നാം വര്‍ഷം പരീക്ഷക്ക് മാത്രമായി മിനിമം സ്‌കോര്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ വാര്‍ഷിക മൂല്യ നിര്‍ണയത്തിന് ഒന്നും രണ്ടും വര്‍ഷങ്ങളിലായി ഒരു വിഷയത്തിന് 30ശതമാനത്തില്‍ കുറയാത്ത സ്‌കോര്‍ ലഭിക്കണം.
നിരന്തര മൂല്യ നിര്‍ണയം, പ്രാക്ടിക്കല്‍ മൂല്യ നിര്‍ണയം എന്നിവക്കും മിനിമം സ്‌കോര്‍ നിശ്ചയിട്ടില്ല. ഇതുകൊണ്ട് തന്നെ അത്രതന്നെ ബുദ്ധിമുട്ടില്ലാതെ യോഗ്യത നേടാവുന്ന തരത്തിലാണ് പരീക്ഷയും, പാഠാവലിയും തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ രണ്ടാം വര്‍ഷക്കാര്‍ക്ക് മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്തവര്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും, ഒന്നാം വര്‍ഷ പരീക്ഷക്ക് ഏതെങ്കിലും മൂന്ന് പരീക്ഷ വരെ എഴുതാന്‍ കഴിയാത്തവര്‍ക്കും നടത്തുന്ന പരീക്ഷക്ക് വന്‍ തുകയാണ് ഫീസായി അടക്കേണ്ടത്.
ഒരു വിഷയത്തിന് 500 രൂപ പരീക്ഷാ ഫീസും, മാര്‍ക്ക് ലിസ്റ്റിന് 100 രൂപയും അടക്കണം.
ഇങ്ങനെ മൂന്ന് വിഷയം വരെ പരീക്ഷ എഴുതുന്നവര്‍ വന്‍ തുക അടക്കേണ്ട ഗതികേടിലാണ്. ഈ പരീക്ഷയാവട്ടെ 2017 സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ്. ഇതിനാവട്ടെ ജില്ലയില്‍ പി.എം.ജി പാലക്കാട്, ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം ഈസ്റ്റ് എന്നീ രണ്ട് പരീക്ഷാ കേന്ദ്രങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വഭാഗങ്ങളില്‍ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷങ്ങളിലായി അഞ്ഞൂറോളം പഠിതാക്കളാണുളളത്. ഇവര്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതണം.
അട്ടപ്പാടിയിലെ അഗളി ജി.എച്ച്.എസ്.എസ് അടക്കം ജില്ലയില്‍ പത്ത് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ലയോളം വരുന്ന മണ്ണാര്‍ക്കാട് താലൂക്കില്‍ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ കേന്ദ്രം തുടങ്ങണമെന്നാവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി തുല്യതാപരീക്ഷാ നടത്തിപ്പ് ചുമതല കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."