ഫീല്‍ഡ് സര്‍വേ എടുക്കാന്‍ വിസമ്മതിച്ച കൃഷി ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
കാഞ്ഞിരപ്പള്ളി: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ ഫീല്‍ഡ് സര്‍വേ എടുക്കുന്നതിനു വിസമ്മതിച്ച കൃഷി ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ജിജി എം എസിനെതിരേയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ സസ്പന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. 29 ന് നടന്ന ഭരണ സമിതി യോഗപ്രകാരമാണ് ഉദ്യോഗസ്ഥനെതിരേ നടപടി.
പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലെ പദ്ധതിക്ക് അര്‍ഹരയാവരുടെ പട്ടിക തയ്യാറാക്കുന്നതിനാണ് ജീവനക്കാരനെ നിയോഗിച്ചത്. എന്നാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിക്കുകയോ ഫീല്‍ഡ് സര്‍വേ നടത്തുകയോ ചെയ്യാതിരുന്നതിനാലാണ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് വിലക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഉത്തരവിന്റെ പകര്‍പ്പ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, കലക്ടര്‍ തുടങ്ങിയവര്‍ക്ക് കൈമാറിയതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 23 വാര്‍ഡുകളുള്ള പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലെ പട്ടിക മാത്രമാണ് ലഭിക്കാത്തതെന്നും ഇതിനാല്‍ അന്തിമ പട്ടിക തയാറാക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
പദ്ധതിയുടെ നടപടിക്രമങ്ങള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി കൃഷി അസിസ്റ്റന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ കൃഷി വകുപ്പിലെ ജിവനക്കാരേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന നിര്‍ദേശമുള്ളതിനാലാണ് ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്നത് ജിജി എം എസ് മറുപടി നല്‍കിയിരിന്നു.
എന്നാല്‍ കേരള പഞ്ചായത്ത് ആക്ട് 1994 സെക്ഷന്‍ 181( 4, 5) പ്രകാരം പഞ്ചായത്തിന് വിട്ട് നല്‍കിയിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഏല്‍പിച്ച് നല്‍കുന്ന ജോലികള്‍ ചെയ്യുന്നതിന് ബാധ്യസ്ഥരാണെന്നും നടപടി ക്രമത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."