പാണ്ടങ്കോട്ടെ വ്യാജസിദ്ധന്‍ കുടകില്‍ പിടിയില്‍
പടിഞ്ഞാറത്തറ: പാണ്ടങ്കോട്ടെ വ്യാജസിദ്ധന്‍ അന്‍വര്‍സാദത്തിനെ കുടകില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. ആലുകുന്തം പഞ്ചായത്തിലെ കൊണ്ടങ്കേരിയില്‍ വാടകക്ക് വീടെടുത്ത് ചികിത്സ നടത്തി വരികയായിരുന്നു ഇയാള്‍. നേരത്തെ പടിഞ്ഞാറത്തറയില്‍ കുടകില്‍ നിന്നും ചികിത്സക്കെത്തിയിരുന്ന ചിലരാണ് ഇയാള്‍ക്ക് കുടകില്‍ വാടകക്ക് വീടെടുത്ത് നല്‍കി ചികിത്സ നടത്താന്‍ സൗകര്യം ചെയ്തു നല്‍കിയത്.
നാലുമാസം മുന്‍പ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പാണ്ടങ്കോട്ടെ ചികിത്സാകേന്ദ്രം ഇയാള്‍ നിര്‍ത്തിയത്. നാട്ടുകരൊന്നടങ്കമായിരുന്നു ഇയാള്‍ക്കെതിരേ അന്ന് സമരത്തിനിറിങ്ങിയത്. കുടകില്‍ പാരമ്പര്യ നാട്ടുചികിത്സ എന്ന പേരിലായിരുന്നു ചികിത്സ. ഇതിനായ ആലുകുന്തം ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ വിവിധ മത വിശ്വാസികളുടെ ആചാരപ്രകാരം ഇയാള്‍ വ്യാജ ചികിത്സയാണ് നടത്തുന്നതെന്ന് പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ കണ്ടങ്കേരി സുന്നി മുസ്‌ലിം ജമാഅത്ത്് കമ്മിറ്റി ഇയാളോട് ചികിത്സ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എങ്കിലും ഇയാള്‍ അത് മുഖവിലക്കെടുത്തില്ല. ചികിത്സക്കെത്തുന്ന ഹിന്ദു മതവിശ്വാസികളോട് ഹിന്ദുവായും മുസ്‌ലിം മതവിശ്വാസികളോട് മുസ്‌ലിമായും അഭിനയിച്ചായിരുന്നു ചികിത്സ. പെരിയപട്ടണം, കുശാല്‍നഗര്‍, സിദ്ദാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഏജന്റുമാരെ ഏര്‍പ്പാട് ചെയ്തായിരുന്നു ചികിത്സയുടെ പ്രചാരം. ഇതിനിടെ ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണംകൂടി ഉയര്‍ന്നതോടെ പഞ്ചായത്തംഗം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി ഇയാളെ പിടികൂടി പൊലിസിന് കൈമാറി. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയതിനെതിരെ കേസെടുത്ത പൊലിസ് ഇനി ചികിത്സ നടത്തില്ലെന്ന ഉറപ്പില്‍ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."