അയല്‍വാസികള്‍ വീട്ടില്‍ കയറിത്തല്ലി; വൃദ്ധദമ്പതികള്‍ക്കു പരുക്ക്
കാഞ്ഞാര്‍: അയല്‍വാസികളായ യുവതിയും മക്കളും വീട് കയറിത്തല്ലിയതിനെ തുടര്‍ന്ന് വൃദ്ധദമ്പതികള്‍ക്കു രണ്ടരവയസുള്ള കുരുന്നിനുമടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റു. ശരീരത്തില്‍ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിച്ച ഇവരുടെ പരാതിയില്‍ അയല്‍വാസികളായ യുവതിക്കും മക്കള്‍ക്കുമെതിരേ പൊലിസ് കേസെടുത്തു. കാഞ്ഞാര്‍ വാണിയപ്പുരയില്‍ മുഹമ്മദ് (65), ഭാര്യ ഖദീജ ബീവി (60), മകന്‍ അബ്ദുല്‍ ബാസിത്, ഭാര്യ അന്‍സി, ഇവരുടെ രണ്ടുവയസ്സുള്ള മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അബ്ദുല്‍ ബാസിത്തിന്റെ പരാതിയില്‍ അയല്‍വാസികളായ കാഞ്ഞാര്‍ മുരിഞ്ഞൂര്‍ കണ്ടത്തില്‍ ഷരീഫിന്റെ ഭാര്യ സീനത്ത്, മക്കളായ തമീം, യാസീന്‍ എന്നിവര്‍ക്കെതിരേ കാഞ്ഞാര്‍ പൊലിസ് കേസെടുത്തു. ബാസിത്തും കുടുംബവും അക്രമിച്ചെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും കാട്ടി സീനത്തും കുടുംബവും പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നും സ്വസ്ഥമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കണമന്നും കാട്ടി ഉന്നതോദ്യോഗസ്ഥര്‍ക്കു സമര്‍പ്പിക്കാന്‍ നാട്ടുകാര്‍ മാസ് പെറ്റീഷന്‍ തയ്യാറാക്കി. കാഞ്ഞാറ്റില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അബ്ദുല്‍ ബാസിത്തും കുടുംബവും താമസിക്കുന്ന വീടിന്റെ തൊട്ടുള്ള പറമ്പിലാണ് സീനത്തും കുടുംബവും കഴിയുന്നത്.
വീടിനു മുമ്പിലെ റോഡിലുള്ള വെള്ളക്കെട്ടിന്റെ കാര്യം പറഞ്ഞ് സീനത്തും കുടുംബവും ബാസിത്തിനെയും കുടുംബത്തെയും പലപ്പോഴും ചീത്ത പറയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ യാതൊരു പ്രകോപനവുമില്ലാതെ വീട്ടിലേക്കു കയറിവന്ന സീനത്തും മക്കളും ആക്രമിക്കുകയായിരുന്നെന്ന് അബ്ദുല്‍ ബാസിത്ത് പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
സാരമായി പരുക്കേറ്റ വൃദ്ധദമ്പതികള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വീടുകയറി അക്രമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കും മേലധികാരികള്‍ക്കും പരാതി നല്‍കുമെന്ന് അബ്ദുല്‍ ബാസിത്ത് അറിയിച്ചു.
മാസ് പെറ്റീഷനില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."