കാട്ടാനശല്യം: ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു
മലമ്പുഴ: സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രം നിലകൊള്ളുന്ന മലമ്പുഴയില്‍ ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ ജൂണില്‍ കൊട്ടേക്കാടിനു സമീപം ഐ.എം.എ. പ്ലാന്റ് ജീവനക്കാരന്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലാണ് മലമ്പുഴയില്‍ ദ്രുതകര്‍മസേനയുടെ പുതിയ യൂണിറ്റ് രൂപീകരണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാവുന്നില്ല.
വാളയാറിലും ദ്രുതകര്‍മസേനയെ നിയോഗിക്കണമെന്ന് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ജനവാസ മേഖലകളില്‍ പലപ്പോഴും ആനകള്‍ ഇറങ്ങുന്നത് വനം വകുപ്പിനെ അറിയിക്കുന്നുണ്ടെങ്കിലും ആളില്ലെന്ന കാരണം പറഞ്ഞ് വരാന്‍ താമസിക്കുന്നുവെന്ന ആരോപണങ്ങളാണുയരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും വലിയ അളവില്‍ കാട്ടാനകള്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവും.
ജില്ലയില്‍ കാലങ്ങളായുള്ള കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാവുമ്പോഴും ആകെ രണ്ടു ദ്രുതകര്‍മസേനകള്‍ മാത്രമാണ് ഉള്ളത്. ഒരെണ്ണം ഒലവക്കോടും മറ്റേത് മണ്ണാര്‍ക്കാട്ടുമെന്നിരിക്കെ ഇരുസ്ഥലങ്ങളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി ആനകളിറങ്ങുന്ന കഞ്ചിക്കോട്, മലമ്പുഴ, വാളയാര്‍ മേഖലകളിലേക്കെത്തിപ്പെടുന്നത് എളുപ്പമല്ലെന്ന നിലപാടാണ്. എന്നാല്‍ ആനശല്യം കൂടുതലുള്ള വാളയാറിലും ദ്രുതകര്‍മസേനയുടെ സേവനം കടലാസിലൊതുങ്ങുകയാണ്.
നിലവിലെ പഴയ വാഹനങ്ങള്‍ നന്നാക്കിയെടുത്താണ് വനംവകുപ്പുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുന്നത്. എന്നാല്‍ വാളയാറില്‍ ദ്രുതകര്‍മസേനക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കാട്ടാനകളുടെ ആക്രമണം നടക്കുമ്പോള്‍ ദ്രുതകര്‍മ്മസേനയുടെ സേവനം എന്നു ലഭ്യമാക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
മലമ്പുഴയില്‍ പുതിയ സ്‌ക്വാഡ് രൂപികരണത്തിന് ജീവനക്കാരുടെ എണ്ണവും പ്രശ്‌നമാകും. ദ്രുതകര്‍മസേനാ രൂപീകരണത്തിന് തടസ്സമാവുന്നത് പദ്ധതി നീണ്ടുപോകാന്‍ കാരണമാവുമെന്നതുമാണ് അധികൃതരുടെ വാദം. തുടര്‍ച്ചയായുണ്ടായ കാട്ടാനശല്യത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ടെങ്കിലും ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."