ഹാദിയ കേസ്: സി.പി.ഐക്കെതിരായ വെളിപ്പെടുത്തല്‍ വിവാദമാകുന്നു
കൊച്ചി: മതംമാറി വിവാഹം കഴിച്ചതിന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട് സി.പി.ഐയും വിവാദത്തിലേക്ക്. സി.പി.ഐയുടെ കൊല്ലത്തെ പ്രാദേശിക ഘടകത്തിനെതിരേ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണിപ്പോള്‍. ഈ കേസില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള വിധത്തില്‍ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരേ കള്ളക്കേസ് ചുമത്താന്‍ സി.പി.ഐ പ്രാദേശിക നേതാക്കള്‍ പൊലിസുമായി ഒത്തുകളിക്കുന്നുവെന്ന പ്രചാരണമാണ് ഉയര്‍ന്നിരിക്കുന്നത്. കേസിലെ യഥാര്‍ഥ പ്രതി ഷെഫിന്‍ മുഹമ്മദാണ് 'ഫേസ്ബുക്ക് ലൈവിലൂടെ' ആരോപണവുമായി രംഗത്തുള്ളത്.
ഷെഫിന്‍ മുഹമ്മദ് എന്നയാളുടെ പേരില്‍ കൊല്ലം കിളികൊല്ലൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത 889/11, 1051/13 എന്നീ കേസുകള്‍ പൊലിസ് ബോധപൂര്‍വം ഷെഫിന്‍ ജഹാന്റെ പേരില്‍ കെട്ടിവച്ച് ഷെഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന് വരുത്തിത്തീര്‍ത്ത് കോടതിയില്‍ നിന്ന് പ്രതികൂലവിധി ഉണ്ടാകാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതില്‍ 889/11ാം നമ്പറിലുള്ള കേസ് ഹൈക്കോടതിയില്‍ തീര്‍പ്പായതാണെന്നും 1051/13ാം നമ്പറിലുള്ള കേസില്‍ താന്‍ സ്റ്റേഷന്‍ ജാമ്യത്തിലാണെന്നും ഷെഫിന്‍ മുഹമ്മദ് ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിക്കുന്നുണ്ട്. ആദ്യ കേസില്‍ ഷെഫിന്‍ മുഹമ്മദിന്റെ സുഹൃത്താണ് പരാതിക്കാരനെങ്കില്‍ രണ്ടാമത്തെ കേസില്‍ ചില സി.പി.ഐ പ്രാദേശിക പ്രവര്‍ത്തകരാണ് പരാതിക്കാരെന്നും ഇയാള്‍ വിശദീകരിക്കുന്നു.
ആദ്യ കേസിലെ പരാതിക്കാരനെ വീണ്ടും വിളിച്ചുവരുത്തി ഷെഫിന്‍ മുഹമ്മദല്ല, ഷെഫിന്‍ ജഹാനാണ് പ്രതിയെന്ന് മൊഴിനല്‍കാന്‍ സമ്മര്‍ദമുണ്ടായെന്നും എന്നാല്‍ ഇത് ഫലിച്ചില്ലെന്നുമാണ് വിശദീകരണം. ഇതിനിടെയാണ് രണ്ടാമത്തെ കേസിലെ പരാതിക്കാരായ സി.പി.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഷെഫിന്‍ ജഹാന്റെ ഫോട്ടോ കാണിച്ച്, ഷെഫിന്‍ മുഹമ്മദല്ല ഇയാളാണ് പ്രതിയെന്ന് പൊലിസിനെ ധരിപ്പിച്ചത്. പൊലിസ് ഉടന്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവത്രേ. എന്നാല്‍, അപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന ഷെഫിന്‍ മുഹമ്മദിന്റെ പിതാവിന്റെ സുഹൃത്ത് പൊലിസിനോട് യഥാര്‍ഥ വസ്തുത ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് അത് മുഖവിലക്കെടുത്തില്ലെന്നും പറയുന്നു.
സത്യത്തിന്റെകൂടെ നില്‍ക്കുന്നത് തന്റെ ബാധ്യതയാണെന്ന് ബോധ്യമുള്ളതിനാലാണ് ഈ കേസുകള്‍ തന്റെ പേരിലുള്ളതാണെന്നും ഷെഫിന്‍ ജഹാനല്ല പ്രതിയെന്നും വ്യക്തമാക്കുന്നതെന്നും ഷെഫിന്‍ മുഹമ്മദ് വിശദീകരിക്കുന്നു. രാവിലെ ഭക്ഷണംപോലും കഴിക്കാന്‍ നില്‍ക്കാതെ സ്റ്റേഷനിലെത്തിയാണ് സി.പി.ഐ പ്രവര്‍ത്തകര്‍ കേസ് ഷെഫിന്‍ ജഹാനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്. ഹാദിയ കേസില്‍ പൊലിസ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചില്ലെന്ന് നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു.
മെഡിക്കല്‍ പഠനത്തിനിടെ ഇസ്‌ലാമിനെ പരിചയപ്പെട്ട വൈക്കം സ്വദേശിനി അഖില സ്വന്തംനിലക്ക് മതംമാറിയാണ് ഹാദിയയായത്. പിന്നീട് ഒരു മാട്രിമോണിയല്‍ പരസ്യംവഴിയാണ് കൊല്ലം സ്വദേശിയും മസ്‌ക്കത്തില്‍ ജോലിക്കാരനുമായ ഷെഫിന്‍ ജഹാനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, പെട്ടെന്നുള്ള വിവാഹത്തില്‍ സംശയംതോന്നിയ ഹൈക്കോടതി വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. ഹാദിയ പൊലിസ് കാവലില്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ വൈക്കത്തെ വീട്ടിലാണ്. ഇതിനിടെയാണ് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമിപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."