102ല്‍ വിളിച്ചാല്‍ ഓടിയെത്താന്‍ ഇനി ജില്ലയില്‍ 100 ആംബുലന്‍സുകള്‍
മലപ്പുറം: ജില്ലയിലെ മുഴുവന്‍ ആശുപത്രികളേയും കോര്‍ത്തിണക്കി ആംബുലന്‍സ് സേവനം വിപുലപ്പെടുത്തുന്നു. നിലവില്‍ സേവനരംഗത്തുള്ള എയ്ഞ്ചല്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനുമായി ഇതുസംബന്ധിച്ച് എയ്ഞ്ചല്‍സ് ധാരണയിലെത്തി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പത് സ്വകാര്യ ആശുപത്രികളിലെ നൂറിലധികം ആംബുലന്‍സുകളും വിവിധ സംഘടനകളുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സുകളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. ഇതിനായി ആംബുലന്‍സുകളില്‍ കാമറയും ഉപകരണവും സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി വരികയാണ്. പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളേയും പങ്കാളികളാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് പദ്ധതി നടത്തിപ്പിന്റെ അധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ ആറ് ബ്ലോക്കുകള്‍ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. നിലവില്‍ എയ്ഞ്ചല്‍ ഉപയോഗിക്കുന്ന 102ലേക്ക് വിളിച്ചാല്‍ സമീപത്തെ ആംബുലന്‍സില്‍ സന്ദേശമെത്തുകയും കാമറയില്‍ പതിയുകയും ചെയ്യും. വിവരം എയ്ഞ്ചല്‍സ് ഓഫിസിലും ലഭിക്കും. ഏതെങ്കിലും കാരണവശാല്‍ വാഹനങ്ങള്‍ വരാന്‍ തയാറാകാത്ത സാഹചര്യം ഇതോടെ ഇല്ലാതാകുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഷാഹുല്‍ഹമീദ് പറഞ്ഞു. നിലവില്‍ എയ്ഞ്ചല്‍സിനു കീഴില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ കാര്യക്ഷമമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."