ജനദ്രോഹ മാസ്റ്റര്‍ പ്ലാന്‍ നഗരസഭയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന്
പറവൂര്‍: അപ്രായോഗികവും ജനദ്രോഹപരവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പറവൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാനിനെതിരെ പറവൂര്‍ താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്ത്.
നഗരത്തിലെ സാമാന്യജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന മാസ്റ്റര്‍പ്ലാനില്‍ നിന്നും നഗരത്തിലെ ജനങ്ങളെ രക്ഷിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മാസ്റ്റര്‍പ്ലാനില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ നിസംഗതകാണിക്കുകയാണ്. 2013 മുതല്‍ ഇത് സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ നിരന്തരമായി ആവശ്യപ്പെട്ട് വരികയാണ്.
മുന്‍ഭരണ സമിതി പാസ്സാക്കിയ മാസ്റ്റര്‍ പ്ലാന്‍ താല്‍ക്കാലികമായി മരവിപ്പിച്ചുവെങ്കിലും റദ്ദ് ചെയ്യുവാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് പറയുന്നത്.
ഭേദഗതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളത്.
തികഞ്ഞ അനാസ്ഥയും നിരുത്തരവാദപരമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ വന്നതോടെ പുതിയ നിര്‍മ്മാണങ്ങള്‍ക്കൊന്നും തന്നെ അനുമതി നല്‍കാത്തത് നഗരത്തിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നവര്‍ക്ക് പോലും ആനുകൂല്യം ലഭിക്കാത്ത സ്ഥിതി വിശേഷമാണ്. പല വീടുകളും നിര്‍മ്മാണത്തിന്റെ പാതി വഴിയിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. പൂര്‍ത്തിയാക്കിയവര്‍ക്കും ഘട്ടങ്ങളിലായി ചെയ്തവര്‍ക്കും ഇതേവരെ തുക ലഭിച്ചിട്ടില്ല.
ഇനിയും നഗരസഭ ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി പാട്രാക്ക് മുന്നോട്ടു വരുമെന്ന് സെക്രട്ടറി എസ്. രാജന്‍ മുന്നറിയിപ്പു നല്‍കി.
ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി വരുന്ന ഞായറാഴ്ച വൈകുന്നേരം 4ന് ടി.ബി. റോഡിലുള്ള പി.വി.എസ്. ഹാളില്‍ യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."