നിയമനനില സംബന്ധിച്ച് പി.എസ്.സി വെബ്‌സൈറ്റില്‍ പഴയ വിവരങ്ങള്‍ മാത്രം
കൊട്ടിയം(കൊല്ലം): നിയമനനില സംബന്ധിച്ച് ജില്ലാതല തസ്തികളുടെയും ചില സംസ്ഥാനതല തസ്തികകളുടെയും വിവരങ്ങള്‍ കേരള പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ മാസങ്ങള്‍ കഴിഞ്ഞാലും ലഭ്യമാകാത്തത് ഉദ്യോഗാര്‍ഥികളെ വലക്കുന്നു.
എല്‍.ജി.എസ്, എല്‍.ഡി.സി നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് പലപ്പോഴും ലഭ്യമാകാത്തത്. എന്നാല്‍ ഇവ മാസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് കേന്ദ്ര ഓഫിസില്‍ നിന്ന് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് പരാതി.
ജില്ലാ ഓഫിസുകള്‍ അഡൈ്വസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞാലും ഇവയൊന്നും കേന്ദ്ര ഓഫീസിലെ സിസ്റ്റം ഓപ്പറേറ്റിങ് സെക്ഷനില്‍നിന്ന് അപ്‌ലോഡ് ചെയ്യാറില്ല. ഇക്കാര്യത്തില്‍ കുറ്റം ജില്ലാ ഓഫിസുകള്‍ക്കെന്നാണ് ഔദ്യോഗിക ഭാഷ്യം. വിവരങ്ങള്‍ കൃത്യസമയത്ത് ജില്ലാ ഓഫിസുകള്‍,കേന്ദ്ര ഓഫിസിനെ അറിയിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ഫോണില്‍ തിരക്കുമ്പോള്‍ ജില്ലാ ഓഫിസ് അധികാരികള്‍ പറയുന്ന വിവിധ തസ്തികകളിലെ ഒഴിവുനിലയും പലപ്പോഴും വെബ്‌സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയാറില്ല.
അതേസമയം സംസ്ഥാനത്തെ ചില ജില്ലാ ഓഫിസുകളില്‍ നിന്നും ഫോണിലുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. തെക്കന്‍ ജില്ലകളിലെ ഓഫിസുകളില്‍ ചില സമയങ്ങളില്‍ ഇവര്‍ ഫോണ്‍ പോലും എടുക്കാറില്ലത്രെ.
അതിനിടെ വെബ്‌സൈറ്റില്‍ ചില പിഴവുകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപേക്ഷ ഒരുമിച്ചയക്കുന്നവര്‍ക്ക് ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റിലിരുന്ന പരീക്ഷ എഴുതാന്‍ കഴിയുന്നുവെന്നും വര്‍ഷങ്ങളായി ആക്ഷേപമുണ്ട്.
ഇവര്‍ ഉത്തരങ്ങള്‍ പരസ്പരം പറഞ്ഞുകൊടുത്ത് പരീക്ഷ എഴുതുന്നതായിട്ടാണ് പരാതി. എന്നാല്‍ പി.എസ്.സി ഈ പരാതി ഇതുവരെ കേട്ടതായി പോലും ഭാവിച്ചിട്ടില്ല. അടുത്തടുത്ത് ഹാള്‍ടിക്കറ്റുകള്‍ കിട്ടുന്നത് തടയാന്‍ സോഫ്റ്റ്‌വെയറില്‍ അല്‍പം മാറ്റം വരുത്തിയാല്‍ പരിഹരിക്കാം. വെബ്‌സൈറ്റ് മൊത്തത്തില്‍ നവീകരിക്കണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."