ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിദ്വേഷപ്രസംഗം വിവാദത്തില്‍
കൊച്ചി: മതേതര എഴുത്തുകാര്‍ക്ക് ഭീഷണി മുഴക്കി ഹിന്ദുഐക്യവേദി നേതാവ് പി.കെ ശശികലയുടെ വിദ്വേഷപ്രസംഗം. ഹിന്ദുഐക്യവേദി കഴിഞ്ഞദിവസം പറവൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ശശികലയുടെ വിഷം ചീറ്റുന്ന പരാമര്‍ശം. മതേതര എഴുത്തുകാര്‍ ആയുസിനുവേണ്ടി സമീപത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. അല്ലെങ്കില്‍ വെടിവച്ചുകൊന്ന ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാവുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി.
'ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളെ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍, എപ്പഴാ എന്താ വരിക എന്നുപറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല.
ഓര്‍ത്തുവയ്ക്കാന്‍ പറയുകയാണ്, മൃത്യുഞ്ജയഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍പോയി കഴിച്ചോളിന്‍, അല്ലെങ്കില്‍ ഗൗരിമാരെപോലെ നിങ്ങളും ഇരകളാകപ്പെടാം'. ശശികലയുടെ പ്രസംഗത്തിലെ ഈ പരാമര്‍ശമാണ് വിവാദമായത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ ശശികല നടത്തിയ പ്രസംഗം വിവാദമായതിനെതുടര്‍ന്ന് പറവൂര്‍ പൊലിസ് സ്വമേധയാ പ്രസംഗത്തിന്റെ ഓഡിയോ സി.ഡി ശേഖരിക്കുകയായിരുന്നു.
പരാമര്‍ശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തുടര്‍നടപടികള്‍ പരിശോധന പൂര്‍ണമായതിനുശേഷമുണ്ടാകുമെന്നും പറവൂര്‍ സി.ഐ ക്രിസ്റ്റിന്‍ സാം പറഞ്ഞു.
അതേസമയം, തന്റെ വിദ്വേഷപ്രസംഗം ശശികല നിഷേധിച്ചിട്ടില്ല. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതെന്നും അവരെ കരുതിയിരിക്കണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ശശികല വിശദീകരിച്ചു. വര്‍ഗീയ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ ശശികലയ്‌ക്കെതിരേ ഇതിനുമുന്‍പും പൊലിസ് കേസെടുത്തിട്ടുണ്ട്. ശശികലയുടെ വിദ്വേഷപ്രസംഗത്തിനെതിരേ സ്ഥലം എം.എല്‍.എ വി.ഡി സതീശന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗത്തിനെതിരേ ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു.
കേസെടുക്കണം: ചെന്നിത്തല
തിരുവനന്തപുരം: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അവര്‍ നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതാണ് ഇതുപോലുള്ള പ്രസ്താവനകള്‍ നടത്താന്‍ ശശികലക്കു ധൈര്യം നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
ധൈര്യം പകരുന്നത് സര്‍ക്കാര്‍: കെ.പി.എ മജീദ്
കോഴിക്കോട്: സംഘ്പരിവാര്‍ വിരുദ്ധ ചേരിയിലുള്ള എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലിസ് നയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ഗ്രഹണകാലത്ത് പൂഴിനാഗത്തിനും വിഷം: വി.ഡി സതീശന്‍
കൊച്ചി: ശശികലയുടെ വിദ്വേഷപ്രസംഗത്തിന് മറുപടിയുമായി പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍.
ഗ്രഹണകാലത്ത് പൂഴിനാഗത്തിനും വിഷമുണ്ടെന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ കാര്യമെന്ന് സതീശന്‍ പറഞ്ഞു.
മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തണമെന്ന് ആവശ്യപ്പെട്ട ശശികലയ്‌ക്കെതിരേ സര്‍ക്കാര്‍ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തില്‍ കേസടുക്കാതിരുന്നത് ആര്‍.എസ്.എസ് പ്രീണനമാണ് വ്യക്തമാക്കുന്നത്.
പ്രസംഗം രാജ്യത്തെ മതേതര എഴുത്തുകാര്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."