പുനര്‍ജനി-എന്‍.എസ്.എസ് ക്യാംപ് ഇന്നു സമാപിക്കും: ജില്ലാ ആശുപത്രിക്ക് വിദ്യാര്‍ഥികള്‍ സമ്മാനിച്ചത് ലക്ഷങ്ങളുടെ ആസ്തി
വടകര: ഗവ. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പുനര്‍ജനി-എന്‍.എസ്.എസ് സപ്തദിന ക്യാംപ് ഇന്നു സമാപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വിവിധതരം മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറും വയറിങ് സാമഗ്രികളും റിപ്പയര്‍ ചെയ്ത് ആശുപത്രിക്ക് 20 ലക്ഷത്തിലധികം രൂപയുടെ ആസ്തി സമ്മാനിക്കാന്‍ ക്യാംപിനു കഴിഞ്ഞു. ശരിയായ കണക്ക് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ വക്താക്കളും ആശുപത്രി അധികൃതരും തിട്ടപ്പെടുത്തിക്കൊണ്ടിരിക്കയാണ്. മണിയൂര്‍ കുറുന്തോടിയിലെ കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ 60 എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ക്യാംപിലുള്ളത്. നാഷനല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലാണ് പുനര്‍ജനി രൂപകല്‍പന ചെയ്തത്. ഈ മാസം അഞ്ചിനാണ് ക്യാംപ് തുടങ്ങിയത്.
25ഓളം കട്ടിലുകള്‍, ഏഴു മേശ, 35ഓളം ഗ്ലൂക്കോസ് ഐ.വി സ്റ്റാന്‍ഡുകള്‍, 10 സ്റ്റെറിലൈസര്‍, മുപ്പതോളം ബ്ലഡ് പ്രഷര്‍ അപ്പരാറ്റസ്, 10 നുബലൈസര്‍, സ്റ്റൗ, സ്‌ക്രീന്‍, 10 വീല്‍ചെയര്‍, അഡ്ജസ്റ്റബിള്‍ ലാംപ്, ഓപറേഷന്‍ ലാംപ്, സെന്‍സര്‍ ലാംപ്, പരിശോധനാ മുറിയിലെ അഡ്ജസ്റ്റബിള്‍ ലൈറ്റ്, ട്രോളികള്‍, ഓക്‌സിജന്‍ സ്റ്റാന്‍ഡ്, സ്‌ട്രെച്ചര്‍ തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്തു ചായംപൂശി വളണ്ടിയര്‍മാര്‍ ഇതിനകം ഉപയോഗയോഗ്യമാക്കി. ഇതിനു പുറമെ കാഷ്വാലിറ്റി വാര്‍ഡ്, കുട്ടികളുടെ ഒ.പി സെക്ഷന്‍, ടി.ബി വാര്‍ഡ് എന്നിവിടങ്ങളിലെ വയറിങ് ജോലി കുറ്റമറ്റതാക്കാനും വളണ്ടിയര്‍മാര്‍ സമയം കണ്ടെത്തി. കോളജിലെ ആറു ബ്രാഞ്ചുകളായ ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഐ.ടി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ നിന്നെല്ലാം വളണ്ടിയര്‍മാര്‍ ക്യാംപിലെത്തിയിരുന്നു.
കൂടാതെ തകരാറിലായ വാതിലുകളും അലമാരകളും അവര്‍ റിപ്പയര്‍ ചെയ്തു. വെല്‍ഡിങ് ജോലികളും ഇലക്ട്രിക്കല്‍ പണിയും നടത്തിയത് ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഏറെ ഗുണകരമായി. കാഷ്വാലിറ്റിയിലെ ടോക്കണ്‍ സിസ്റ്റവും കുറ്റമറ്റതാക്കിയതായി വളണ്ടിയര്‍മാര്‍ പറഞ്ഞു. പ്രോഗ്രാം ഓഫിസര്‍ കെ.പി മഫീദ്, കോഡിനേറ്റര്‍ ആര്‍. വിജയന്‍, വളണ്ടിയര്‍ ലീഡര്‍മാരായ അര്‍ജുന്‍, ഐശ്വര്യ, വളണ്ടിയര്‍മാരായ ജിഷ്ണു, മിന്നു, ഇര്‍ഷാദ്, അശ്വതി, ജയവല്ലി, ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് പുനര്‍ജനി ക്യാംപ് ആശുപത്രിയില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."