ചെറുവണ്ണൂരില്‍ ഭീതി പരത്തിയത് കാട്ടുപൂച്ചയെന്ന് വനംവകുപ്പ്
കോഴിക്കോട്: വ്യാഴാഴ്ച രാത്രി ചെറുവണ്ണൂരില്‍ നാട്ടുകാര്‍ കണ്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയാകുവാനാണ് സാധ്യതയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെ സംഭവസ്ഥലത്ത് വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ആക്ഷന്‍ ഫോഴ്‌സും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടു കൂടിയാണ് ചെറുവണ്ണൂര്‍ തെക്കേ ജുമുഅത്ത് പള്ളിക്ക് സമീപത്ത് വച്ച് ഏതാനും വീട്ടുകാര്‍ പുലിയെ കണ്ടതായി പൊലിസിലും മറ്റും വിവരമറിയിച്ചത്.
തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ ഇന്നലെ പരിശോധനക്ക് എത്തിയത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.ജെ.രാധാകൃഷ്ണന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
വന്യമൃഗങ്ങളുടെ കാല്‍പ്പാടുകളും മറ്റും തിരിച്ചറിയുവാന്‍ വൈദഗ്ധ്യമുള്ള വാച്ചര്‍മാരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.
ഇവരുടെ പരിശോധനക്ക് ശേഷമുളള വിലയിരുത്തലിലാണ് പുലിയല്ല കണ്ടാല്‍ പുലിയുടേതിന് സമാനമായി ദേഹത്ത് വരകളും വാലുകളുമുള്ള കാട്ടു പൂച്ചയെയായിരിക്കും നാട്ടുകാര്‍ കണ്ടതെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
പുലി ആയിരുന്നെങ്കില്‍ സമീപത്തെ വളര്‍ത്തു മൃഗങ്ങളെ കൊല്ലുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ കണ്ടത് പുലിയെ തന്നെയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍.
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോടും അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. നിലമ്പൂര്‍ കാടുകളിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു വരുന്ന പുലികള്‍ പലപ്പോഴും ഫറോക്ക് ഭാഗത്തെ ചാലിയാര്‍ തീരങ്ങളില്‍ കാലവര്‍ഷ സമയത്ത് എത്താറുണ്ട്. ഇതു കൊണ്ടാണ് രാത്രിയില്‍ നാട്ടുകാര്‍ അജ്ഞാത ജീവിയെ കണ്ട ഉടനെ പുലിയിറങ്ങിയെന്ന ഭീതിയിലെത്തിയത്.
അധികൃതരുടെ പരിശോധന കഴിഞ്ഞെങ്കിലും പ്രദേശത്തെ കുടുംബങ്ങള്‍ ഇപ്പോഴും ഭീതിയിലാണ് കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം നഗരത്തിലെ കല്ലായി പുഴയുടെ തീരമായ ഡട്‌സോമില്‍ റോഡിന് സമീപത്തും പുലി ഇറങ്ങിയതും രണ്ട് ആടുകളെ കൊന്നതും പ്രദേശത്ത് ഏറെ പരിഭ്രാന്തി പടര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."