ബാണാസുര സാഗറിനോട് അധികൃതര്‍ക്ക് അവഗണന
പടിഞ്ഞാറത്തറ: ലക്ഷങ്ങള്‍ വരുമാനമുണ്ടായിട്ടും ഏറെ സഞ്ചാരികളെത്തുന്ന ബാണാസുര സാഗറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം തുടരുന്നു.
ബലിപെരുന്നാള്‍-ഓണം ദിവസങ്ങളില്‍ 20 ലക്ഷം രൂപയിലധിമാണ് ഇവിടെ നിന്നുള്ള വരുമാനം. കഴിഞ്ഞ ബലി പെരുന്നാള്‍ ദിനത്തില്‍ 186220 രൂപയും രണ്ടാം തിയതി 310035 രൂപയും മൂന്നാം തിയതി 491765 രൂപയും ലഭിച്ചു. കൂടാതെ തിരുവോണ ദിനത്തില്‍ 471555 രൂപയും അഞ്ചാം തിയതി 543930 രൂപയുമാണ് കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം.
എന്നാല്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാത്തത് സഞ്ചാരികളെ നിരാശരാക്കുകയാണ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനംപ്രതി എത്തുന്ന ഈ കേന്ദ്രത്തില്‍ വിരലിലെണ്ണാവുന്നത്ര മൂത്രപ്പുരകളും സഞ്ചാരികളെ ഉള്‍കൊള്ളാനാവാത്ത വിധത്തിലുള്ള പാര്‍ക്കിങ് സൗകര്യങ്ങളും മാത്രമാണുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്ക് സ്ത്രീകളുള്‍പെടെ സമീപത്തെ വീടുകളേയും ഹോട്ടലുകളേയുമാണ് ആശ്രയിക്കുന്നത്.
പെരുന്നാള്‍, ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ സമയങ്ങളില്‍ വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്നണ്ടെങ്കിലും ഇവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. കൂടാതെ പാര്‍ക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇതിലൂടെ സര്‍വിസ് ചെയ്യുന്ന ബസുകള്‍ പലപ്പോഴും റൂട്ട് മാറ്റി സര്‍വിസ് ചെയ്യേണ്ട സ്ഥിതിയാണ്.
പടിഞ്ഞാറത്തറ-കാപ്പുണ്ടിക്കല്‍-ബാണാസുര-പന്തിപ്പൊയില്‍ വഴി സര്‍വിസ് നടത്തേണ്ട ബസുകള്‍ ഗതാഗത കുരുക്ക് കാരണം പടിഞ്ഞാറത്തറ നിന്നും തെങ്ങുമുണ്ട വഴി പന്തിപ്പൊയിലിലേക്കാണ് സര്‍വിസ് നടത്തുന്നത്.
ഇത് പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാണ്. ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് പടിഞ്ഞാറത്തറ ടൗണിലെത്താന്‍ ഓട്ടോ റിക്ഷയും മറ്റ് ടാക്‌സി വാഹനങ്ങളും ആശ്രയിക്കേണ്ട അവസ്ഥയാണ്.
കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം വാങ്ങി വെക്കുകയല്ലാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പിന്നോട്ടാണ്. പാര്‍ക്കിങ് ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വരും കാലങ്ങളില്‍ കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനും ഇടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."