ഠാണ ബസ്സ്റ്റാന്റ് റോഡ് ആല്ത്തറയ്ക്കലിലെ കുഴികള്‍ വാഹന യാത്രക്കാരെ വെട്ടിലാക്കുന്നു
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന റോഡിലെ കുഴികള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഠാണ ബസ്സ്റ്റാന്റ് റോഡിലാണ് പലയിടത്തും റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റിങ്ങ് ചെയ്തിട്ടുള്ളതാണ്.
ഈ റോഡില്‍ പലയിടത്തും കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന നിലയിലാണ്. കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയ്ക്ക് സമീപം കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികളുടെ അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതോടെ ഇത് തകര്‍ന്ന് ചെറു കഷ്ണങ്ങളായി മാറി.
ഇവിടെ റോഡ് വികസനത്തിന്റെ പേരില്‍ ടാറിങ്ങ് നടത്തിയത് മുഴുവന്‍ കല്ലുകള്‍ പോയി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ ഹെഡ് പോസ്റ്റാഫിസിന് മുന്നിലും കാര്‍ഷിക ബാങ്കിന് സമീപത്തുമെല്ലാം റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏറെ തിരക്കേറിയ ഈ റോഡില്‍ കുഴികള്‍ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് ചെറുതല്ല.
ആല്‍ത്തറയ്ക്ക് സമീപത്ത് വളരെ വേഗത കുറച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗത കുരുക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ ആല്‍ത്തറയ്ക്കലില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
നേരത്തെ ഈ റോഡ് മെക്കാഡം ടാറിങ്ങ് നടത്താന്‍ തിരുമാനിച്ചിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് പുനര്‍നിര്‍മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."