വിപണി കീഴടക്കാന്‍ ഇനി കുടുംബശ്രീ പാലും
തിരുവനന്തപുരം: കുടുംബശ്രീയും പാല്‍ വിപണിയിലേക്ക് എത്തുന്നു. കുടുംബശ്രീ ഫാം ഫ്രഷ് മില്‍ക്കുമായാണ് കുടുംബശ്രീ എത്തുന്നത്. ഗുണമേന്മയും തനിമയും ചോരാതെ, കറന്നെടുത്ത് രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളില്‍ രാവിലെയും വൈകിട്ടുമായി പാല്‍ എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പൈലറ്റ് കൊല്ലത്ത് അടുത്ത ആഴ്ച ആരംഭിക്കും. അര ലിറ്റര്‍ പാല്‍ 26 രൂപയ്ക്കാവും വില്‍ക്കുക.
സ്വകാര്യ ജൈവ ഉല്‍പന്ന വിപണന മാളുകളില്‍ നിലവില്‍ ഒരു ലിറ്റര്‍ പാലിന് 70രൂപയാണ് വില ഈടാക്കുന്നത്. മില്‍മയാകട്ടെ 21 രൂപയ്ക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഇത്തരത്തില്‍ ഫാം ഫ്രഷ് പാല്‍ വിപണിയിലെത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കുടുംബ ശ്രീ പ്‌ളാസ്റ്റിക്ക് കവറിലാക്കിയാവും വിതരണം നടത്തുക. പ്‌ളാസ്റ്റിക്കിന് പകരം ബദല്‍ മാര്‍ഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കും.
ശുദ്ധമായ പാല്‍ വിപണിയിലിറക്കി മില്‍മയ്ക്ക് ബദലാകുകയാണ് ലക്ഷ്യം. ഇപ്പോള്‍ മില്‍മ ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ഓണത്തിന് പാലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചതും കുടുംബശ്രീയ്ക്ക് പ്രചോദനമായിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വന്തം ഫാമുകളിലെ പശുക്കളില്‍ നിന്ന് പാല്‍ പ്രത്യേക യൂണിറ്റ് വഴി ശേഖരിച്ചാവും വിതരണം.
അഞ്ച് അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ ക്‌ളസ്റ്ററുകളാക്കി ഒരാള്‍ക്ക് രണ്ട് പശുക്കളെ വീതം ലഭ്യമാക്കും. സബ്‌സിഡി പ്രകാരം പശുക്കളെ വാങ്ങാനുള്ള സഹായവും കുടുംബശ്രീ ലഭ്യമാക്കും. ഇങ്ങനെയുള്ള 10 ഗ്രൂപ്പുകളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പാല്‍ ഉല്‍പാദനവും സംഭരണവും. കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാവും മാര്‍ക്കറ്റിങ് ശൃംഖല.
ഗുണമേന്മാപരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാവകുപ്പുമായി സഹകരിച്ച് പ്രത്യേകം ലാബുകളും സ്ഥാപിക്കും. വിവിധ ക്‌ളസ്റ്ററുകളിലെ പാല്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പ് ഏറ്റുവാങ്ങി ലാബുകളില്‍ പരിശോധിച്ച് പ്രത്യേക പാക്കറ്റിലാക്കിയാവും വിതരണം നടത്തുക. കുടുംബശ്രീ ശുദ്ധമായ പാലുമായി വിപണിയില്‍ വരുന്നതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിനും തടയിടാനാകും.
കുടുംബശ്രീ സംരംഭകര്‍ നേരിട്ട് വീടുകളിലും കടകളിലും എത്തിച്ചായിരിക്കും പാല്‍ വിതരണം ചെയ്യുക. പാലില്‍ നിന്ന് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ ആരംഭിക്കും. ഇതുകൂടാതെ ചാണകം ഉണക്കി പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യാനും കുടുംബശ്രീ പദ്ധതിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."