മാതൃത്വത്തിന്റെ ആ നീറുന്ന മുഖം ഇനി ഓര്‍മ
കല്‍പ്പറ്റ: 62ാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയായി വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനിയമ്മ (76) അന്തരിച്ചു. വാര്‍ധക്യകാലത്ത് ടെസ്റ്റ്യൂബ് ശിശുവിന് ജന്‍മം നല്‍കിയെങ്കിലും ആ കുഞ്ഞ് ഒന്നരവയസായതോടെ മരണപ്പെട്ടിരുന്നു. ഇതോടെ അനാഥയായ ഇവര്‍ വയനാട്ടിലായിരുന്നു താമസം. ഇന്നലെ പുലര്‍ച്ചെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
അമ്മേയെന്ന വിളിക്കായി കൊതിച്ച ഭവാനിയമ്മ രണ്ടുവട്ടം വിവാഹം കഴിച്ചെങ്കിലും കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. കുട്ടികളില്ലാത്തതിനാല്‍ രണ്ടാം ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് വിവാഹമോചനം നടത്തിച്ച് മറ്റൊരു കല്യാണം കഴിപ്പിക്കാനും ഭവാനിയമ്മ തന്നെ മുന്നില്‍ നിന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ തനിക്ക് അമ്മയെപ്പോലെ സ്‌നേഹിക്കാമെന്ന മോഹമായിരുന്നു, കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഭര്‍ത്താവിനെ പിരിയുമ്പോള്‍ മനസില്‍. പക്ഷേ ഭര്‍ത്താവിന്റെ പുനര്‍വിവാഹത്തിലുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും അവര്‍ക്ക് അനുവാദം ലഭിച്ചില്ല. ഇതോടെയാണ് 62ാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാവാന്‍ തീരുമാനിച്ചത്.
കൃത്രിമഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞ് അലക്കുന്നതിനിടെ അടുത്തുവച്ച ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസില്‍ മരണമടഞ്ഞു. ഇതോടെ തന്റെ ഓമനയായ കണ്ണനൊപ്പം ടീച്ചറുടെ ജീവിതത്തിലേക്ക് കടന്നുവന്ന സന്തോഷവും പടിയിറങ്ങി. വാര്‍ധ്യക്യത്തിലെ കൃത്രിമ ഗര്‍ഭധാരണം മൂലം ധിക്കാരിയെന്ന പേര് ചാര്‍ത്തിക്കിട്ടിയ ടീച്ചര്‍ക്ക് കുഞ്ഞിന്റെ വേര്‍പാടോടെ സ്വന്തക്കാരുടെ മുഖംകോട്ടിയ ചിരി കൂടുതല്‍ ദുസഹമായി. ഇതോടെ പിറന്ന നാട്ടില്‍ ജീവിക്കാനുള്ള കൊതിയുപേക്ഷിച്ചു സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്തൊരിടം തേടി വയനാട്ടിലേക്ക് ചുരം കയറി. മാനന്തവാടിക്കടുത്ത് കുഞ്ഞുങ്ങള്‍ക്ക് ട്യൂഷനെടുത്തും കണ്ണനെ സ്വപ്നം കണ്ടും കഴിയുകയായിരുന്നു.
തീരാദു:ഖങ്ങള്‍ തീര്‍ത്ത ശാരീരിക അസ്വസ്ഥതകള്‍ ഭവാനിയമ്മയുടെ വാസം ആശുപത്രി മുറികളിലെത്തിച്ചു. ഇടത്താവളമായിരുന്ന പിണങ്ങോട്ടെ പീസ് ഫൗണ്ടേഷന്‍ അന്തേവാസികളും അധികൃതരും കൂട്ടായിനിന്ന ആശുപത്രി വാസത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ 1.30ന് ഭവാനിയെന്ന് വിളിപ്പേരുള്ള മാതൃത്വം മരണത്തിന് പിടികൊടുത്തു. വൈകിട്ട് ആറരയോടെ നന്മ നിറഞ്ഞ മനുഷ്യരുടെയും അപൂര്‍വ്വം ചില ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ആ അമ്മയെ അഗ്നി ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."