സുഗന്ധവിള മേഖലയില്‍ ഏകീകരണം വേണം: സാര്‍ക് വിദഗ്ധര്‍
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സുഗന്ധവിള ഗവേഷണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള സാര്‍ക് രാജ്യങ്ങളിലെ പ്രാദേശിക വിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശം. മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കാനും ധാരണയായി. വ്യാപാര കരാറില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തും. സുഗന്ധ വിളകളുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകള്‍ കൈമാറാനും സംവിധാനമൊരുക്കും. സുഗന്ധ വിളകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാര്‍ക് രാജ്യങ്ങള്‍ ചേര്‍ന്നു ടെക്‌നോളജി ഹബ് രൂപീകരിക്കാനും ധാക്ക ആസ്ഥാനമായുള്ള സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്ററിന്റെയും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെലവൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുദിവസമായി നടന്നുവരുന്ന യോഗത്തില്‍ തീരുമാനമായി.
സുഗന്ധവിള ഗവേഷണത്തിനും സ്‌കോളര്‍ഷിപ്പിനും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും സാര്‍ക് രാജ്യങ്ങളിലെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാര്‍ക് അംഗത്വ രാജ്യങ്ങളില്‍ ഗവേഷണത്തിനായി സൗകര്യമൊരുക്കാനും വിദഗ്ധരെ ഇവിടേക്ക് എത്തിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. കോഴിക്കോട് അരിക്കനട്ട് ആന്‍ഡ് സ്‌പൈസസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ രാജ്യങ്ങളിലെ പ്രതിനിധികളാണ് മൂന്നുദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമായും കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതിക്ക എന്നീ കൃഷികള്‍ക്കു മുന്‍ഗണനയുള്ള ചര്‍ച്ചയാണു യോഗത്തില്‍ നടന്നത്. സംഘം ഇന്നു വയനാട്ടിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."