പാണാവള്ളിയില്‍ പുതിയ മൃഗാശുപത്രി കെട്ടിടം നിര്‍മാണം തുടങ്ങി
പൂച്ചാക്കല്‍:പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ മൃഗാശുപത്രി കെട്ടിടം നിര്‍മാണം തുടങ്ങി. ലാബ് പരിശോധന ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ വരും.പാണാവളളി നീലംകുളങ്ങരയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.അതിന് സ്ഥലം ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയിട്ടുണ്ട്.മൃഗസംരക്ഷണ വകുപ്പിന്റെ 54 ലക്ഷത്തോളം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
മൃഗങ്ങളുടെ രക്തം, മൂത്രം,ചാണകം തുടങ്ങിയവയും തൊലിപ്പുറമെയുള്ള രോഗങ്ങള്‍ പരിശോധിക്കുന്നതിനും ലാബ് സൗകര്യം ഇവിടെയുണ്ടാകുമെന്നതാണ് പ്രത്യേകത. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഫലപ്രദമല്ല. ചെറിയ മൃഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തിയറ്റര്‍,മരുന്നുകളുടെയും മറ്റു സാധനങ്ങളുടെയും ശേഖരണകേന്ദ്രം,ഡോക്ടര്‍ക്കുള്ള മുറി,വരുന്നവര്‍ക്ക് വിശ്രമിക്കാനും മൃഗങ്ങളെ കെട്ടാനുമുള്ള സൗകര്യം, ശുചിമുറി തുടങ്ങിയവയാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.ഒരുവര്‍ഷത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും.പഴകി ജീര്‍ണിച്ച വാടകകെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്.
അതേസമയം പാണാവള്ളി മൃഗാശുപത്രി പരിധിയിലെ ക്ഷീരകര്‍ഷകരുടെ 200കിടാക്കള്‍ക്ക് (ആറ് മാസത്തില്‍ താഴെ പ്രായമുള്ളവ) പ്രതിമാസം 65കിലോഗ്രാം തീറ്റവീതം പകുതിവിലയ്ക്കു നല്‍കുന്നതിന് പുതിയ പദ്ധതി രൂപികരിച്ചു.കിടാവിന്റെ പ്രസവം വരെ ഏകദേശം 28 മാസത്തോളം ഇത് ലഭിക്കും. കര്‍ഷകന്‍ ഒരുകിലോഗ്രാമിന് 8.50 രൂപ വീതം നല്‍കിയാല്‍ മതിയാകും.
കന്നുകുട്ടിപരിപാലനം ഗോവര്‍ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ ചെയ്യുന്നത്. നിലവിലുള്ള കിടാക്കളില്‍ നിന്നും 200കിടാക്കളെ പ്രത്യേക സമിതി തിരഞ്ഞെടുത്ത് നല്‍കും.
പാണാവള്ളി ഗ്രാമപഞ്ചായത്തിന് മൃഗസംരക്ഷണ വകുപ്പ് പ്രത്യേകമായി അനുവദിച്ച ഗ്രാമസമൃദ്ധി -ക്ഷീരസമൃദ്ധി പദ്ധതിയില്‍ 57ക്ഷീരകര്‍ഷകര്‍ക്ക് ഓരോ കീടാരികളെ (ഒരു വയസു പ്രായമുള്ളവ) നല്‍കുന്ന പരിപാടി ഉടന്‍ നടക്കും.മന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും ഉദ്ഘാടനം നിശ്ചയിക്കുക.മൃഗസംരക്ഷണ വകുപ്പ് അഞ്ചുലക്ഷം രൂപ പദ്ധതിയ്ക്കു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."