കൈകോര്‍ക്കാം കാവലാളാവാം
ഭൂമിക്കുമുകളില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് മാരകരശ്മികളെ തടഞ്ഞു നിര്‍ത്തി പ്രതിരോധിക്കുന്ന രക്ഷാകവചമാണ് ഓസോണ്‍പാളി. ഭൂമിയെയും അന്തരീക്ഷത്തെയും വരും തലമുറയ്ക്കായി കാത്തു സൂക്ഷിക്കണം. ഇതിലൂടെ മാത്രമേ ഓസോണ്‍ പാളികളും സംരക്ഷിക്കപ്പെടൂ. ഇതിനുള്ള ചുമതല ഓരോ പൗരനിലും നിക്ഷിപ്തമാണ്.
ഓസോണിനെയും പരിസ്ഥിതിയേയും തകര്‍ക്കുന്ന അന്തരീക്ഷമാണ് പലയിടത്തും. അതുകൊണ്ടണ്ടണ്ടണ്ടുതന്നെ വിദ്യാലയങ്ങളില്‍ മാത്രമൊതുങ്ങുന്നതാവരുത് ഈ ദിനാചരണം. ഓസോണ്‍ നാശകാരികളെ അന്തരീക്ഷത്തില്‍ പകരുന്നത് തടയാന്‍ ഓസോണ്‍ സൗഹൃദ ഗൃഹോപകരണങ്ങളും മറ്റും ഉപയോഗിക്കാനുള്ള ബോധവല്‍കരണവും ഉണ്ടായേ തീരൂ.
1987ലാണ് 16 യുനൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പദ്ധതിയുടെ നേതൃത്വത്തില്‍ 24 രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ ഉടമ്പടി രൂപീകരിക്കുന്നത്. ഓസോണ്‍ പാളികളുടെ വിള്ളലുകള്‍ കണ്ടെത്തിയതോടെ അതിനുള്ള സംരക്ഷണ നടപടികള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. ഈ ഉടമ്പടി രാജ്യാന്തര തലത്തില്‍ അംഗീകാരം നേടി. വ്യാപകമായി നടപ്പാക്കിയ ആദ്യ ഉടമ്പടിയായി. ഇന്ന് 197 രാജ്യങ്ങള്‍ നടപ്പാക്കുന്നു. തുടര്‍ന്നാണ് സെപ്തംബര്‍ 16ന് ലോക ഓസോണ്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
1994 ലാണ് ആദ്യമായി ഓസോണ്‍ ദിനം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആചരിച്ചത്. ഭൂമിയുടെ പുതപ്പായ ഓസോണ്‍ പാളിയെ നാശത്തില്‍ നിന്ന് സംരക്ഷിക്കുക. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഓസോണിന്റെ ജനനം
1785 ല്‍ ഡച്ചു ശാസ്ത്രജ്ഞനായ മാര്‍ട്ടിനസ് വാന്‍ ആണ് ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞത്. 1839ല്‍ ക്രിസ്ത്യന്‍ ഫ്രഡറിക് ഷോണ്‍ബിന്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ വാതകത്തെ ഓസോണ്‍ എന്ന പേര് വിളിച്ചു. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ കൂടിചേര്‍ന്നാണ് ഓസോണ്‍ രൂപപ്പെടുന്നത്. ഓസോണ്‍ വാതകത്തിനു നീല നിറവും ഗന്ധവുമാണുള്ളത്.
സൂര്യപ്രകാശമേറ്റ ചില ഓക്‌സിജന്‍ തന്മാത്രകള്‍ രണ്ടായി വിഭജിക്കുന്നു. ഈ തന്മാത്രകള്‍ മറ്റൊരു ഓക്‌സിജനുമായി കൂടിച്ചേര്‍ന്നാണ് ഓസോണ്‍ എന്ന വാതക തന്മാത്ര ഉണ്ടാകുന്നത്.
ഭൂമിയുടെ ഊര്‍ജസ്രോതസ് സൂര്യനാണ് എന്നതില്‍ തര്‍ക്കമില്ല. ഈ ഉറവിടത്തില്‍ നിന്നെത്തുന്ന രശ്മികളാണ് ഭൂമിയില്‍ ജീവന്‍ നില നിര്‍ത്തുന്നത്. എന്നാല്‍ ചില രശ്മികള്‍ ജീവനു ഭീഷണിയാണ്. അതിനാല്‍ ഈ രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കാതിരിക്കാന്‍ ശ്രമിക്കണം. ഈ രശ്മികളെ ഭൂമിയിലെത്താതെ തടഞ്ഞു നിര്‍ത്തുന്നത് ഓസോണ്‍ പാളികളാണ്. ഏതാണ്ട് മൂന്ന് മില്ലീ ലിറ്റര്‍ കനം മാത്രമേ ഉള്ളൂ ഈ വാതക പാളിക്ക്.
ഉപദ്രവകാരികള്‍
ഓസോണ്‍ പാളികളുടെ നാശത്തിന് കാരണമാകുന്ന വസ്തുക്കളാണ് അന്തരീക്ഷത്തില്‍ എത്തുന്നത്. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുന്നു. അന്തരീക്ഷ ബാഷ്പം കൂടുന്നു. അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന് അപകടം വരുത്തും. ഓസോണ്‍ പാളികള്‍ നശിച്ചാല്‍ ഭൂമിയില്‍ മാനവരാശിയുടെ തുടിപ്പ് തന്നെ ഇല്ലാതാകുമെന്നറിയാമല്ലോ.
ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍, ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഒക്‌സൈഡ്, മീതൈല്‍ ബ്രോമൈഡ്, മീഥെയിന്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ ഇവയുടെ ഉപയോഗം ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കുന്നുണ്ട്.
ഓസോണിലെ വിള്ളല്‍
ഭൂമിയുടെ മുകളിലെ പാളിയായ സ്ട്രാറ്റോസ്ഫിയറില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന സൂര്യ താപമാണ് ഓക്‌സിജന്‍ തന്മാത്രകളെ വികടിപ്പിച്ച് ഓക്‌സിജന്‍ ആറ്റങ്ങള്‍ ആക്കി മാറ്റുന്നത്. ഇതോടെ ഓസോണ്‍ രൂപപ്പെടുന്നു. ഈ ഓസോണ്‍ തന്മാത്രകളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വന്നടിക്കുമ്പോള്‍ വീണ്ടും ഓക്‌സിജന്‍ തന്മാത്രയും ഓക്‌സിജന്‍ ആറ്റവും ആയി മാറുന്നു. അതേസമയം ഓസോണില്‍ വന്നിടിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ നശിക്കും. അതായത് ഓസോണ്‍ ഉണ്ടാക്കാന്‍ താപവും പിളര്‍ക്കാന്‍ അള്‍ട്രാവയലറ്റ് രശ്മികളും വേണം. അങ്ങനെയാണ് ഓസോണ്‍ പാളിയില്‍ കൂടി കടന്നെത്തുന്ന സൂര്യപ്രകാശം അപകടകാരിയല്ലാതെയായി തീരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി നിര്‍മിക്കുകയും ഇല്ലാതാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് പ്രശ്‌നം വരുമ്പോഴാണ് ഓസോണ്‍ വിള്ളലുകള്‍ ഉണ്ടാവുന്നത്.
ഓസോണ്‍ ഓക്‌സിജന്‍ ആയി മാറുന്നതിന്റെ അളവ് കൂടുമ്പോള്‍ വിള്ളലുകളും കാണപ്പെടുന്നു. ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ ആദ്യമായി കണ്ടെത്തിയത് അന്റാര്‍ട്ടിക്ക മേഖലയിലാണ്.
പി.എസ്.മേഘങ്ങള്‍
സി.എഫ്.സി ഒറ്റയ്ക്ക് നിന്നാല്‍ പ്രശ്‌നക്കാരനല്ല. വികടിക്കപ്പെട്ടാലാണ് പ്രശ്‌നം. ഇതിനു ഒന്നാമന്‍ പി.എസ് മേഘങ്ങളാണ്. ഇവ രൂപപ്പെടുന്നത് ദക്ഷിണാര്‍ധ ഗോളത്തിലെ തണുപ്പുകാലത്താണ്. അതുകൊണ്ടാണ് താപ നില വന്‍ തോതില്‍ താഴുകയും ഇരുട്ടു രൂപപ്പെടുകയും ചെയ്യുന്നത്. അതോടെ സ്റ്റാറ്റോസ്ഫിയറിലെ രാസവസ്തുക്കള്‍ തണുത്തുറഞ്ഞു ഐസ് ക്ലസ്റ്ററുമായി ചേര്‍ന്ന് പി.എസ് മേഘങ്ങള്‍ രൂപപ്പെടുന്നു. ഇവയില്‍ അടിഞ്ഞു കൂടുന്നത് സി.എഫ്.സി ആയിരിക്കും. മഞ്ഞു മാറി ധ്രുവ പ്രദേശങ്ങളില്‍ വസന്ത കാലം എത്തുന്നതോടെ സൂര്യപ്രകാശം വരുന്നു. അവ പി എസ് മേഘങ്ങളുമായി ഏറ്റുമുട്ടി സി.എഫ്.സി വിഘടിച്ചു പലതരം രാസവസ്തുക്കളായി മാറുകയും ചെയ്യും. ഇതും ഓസോണ്‍ നാശത്തിനു കാരണമാകുന്നു.
വരും തലമുറയെ രക്ഷിക്കാന്‍ വേണ്ടി. ഓസോണ്‍ പാളിയെ സംരക്ഷിക്കണം. നമ്മുടെ മേല്‍ക്കൂരക്ക് ഒരു ദോഷവും ഇല്ലാതെ അള്‍ട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തണം. തലമുറകളെ മാരക രോഗങ്ങളില്‍ നിന്ന് രക്ഷിക്കണം, ഓസോണ്‍ വിള്ളലുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഓസോണ്‍ വിള്ളലുകള്‍ ഇല്ലാതാക്കാനും മുന്നിട്ടിറങ്ങണം.
ഇതു ചെയ്തുകൂടെ നമുക്ക്?
=ഓസോണിനെ നശിപ്പിക്കുന്ന
വസ്തുക്കള്‍ ഉപയോഗിക്കതിരിക്കാം
=ഓസോണ്‍ സൗഹൃദ ഉത്പന്നങ്ങള്‍
ഉപയോഗിക്കാം
=ഭൂമിയെ പച്ച പുതപ്പിക്കാം
=കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാം
=അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ
ഓക്‌സൈഡിന്റെ അളവ് കുറയ്ക്കാം
=ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം
പരമാവധി കുറയ്ക്കാം
=വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ
ഉപയോഗം കുറയ്ക്കാം
=പൊതു വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാം
=പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍
ശക്തിപെടുത്താം
=സൈക്കിള്‍ ഉപയോഗം വര്‍ധിപ്പിക്കാം
=ബോധവല്‍ക്കരണ ക്ലാസുകള്‍
സംഘടിപ്പിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."