ശരി; തുടങ്ങാം... നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്നു മുതല്‍ 22 വരെ
മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജ്ഞാപനം ഇന്നിറങ്ങുന്നതോടെ സ്ഥാനാര്‍ഥികള്‍ക്കു പത്രിക നല്‍കാം. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എന്നിവര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.
അവധി ദിവസങ്ങളായ 17, 21 തിയതികളില്‍ പത്രികകള്‍ സ്വീകരിക്കില്ല. പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി 22 ആണ്. പ്രശ്‌നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു.
കലക്ടര്‍ വോട്ടഭ്യര്‍ഥിക്കും!
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് വിഭാഗവും പ്രചാരണത്തിനിറങ്ങും. സ്ത്രീ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്രചാരണമാണ് ജില്ലാതല തെരഞ്ഞെടുപ്പ് വിഭാഗം നടത്തുക.
ഇതിനായി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു.
വിജയകരമാക്കാന്‍ സഹകരിക്കണം:കലക്ടര്‍
ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിനു സഹകരിക്കണമെന്നു ജില്ലാ കലക്ടര്‍ അമീത് മീണ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.
എല്ലാം ഇ-തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളം ഓണ്‍ലൈന്‍ വഴിയാക്കി. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി, പരാതി തുടങ്ങിയ കാര്യങ്ങളാണ് ഇ-അനുമതി, ഇ-പരാതി തുടങ്ങിയ ഓണ്‍ലൈന്‍ രീതിയില്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രത്യേക പരിശീലനം നല്‍കും.
പോളിങ്ങില്‍ വി.വി പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനു തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്.
11വരെ അപേക്ഷിച്ചര്‍ക്കു വിരലമര്‍ത്താം
2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും സെപ്റ്റംബര്‍ 11 വരെ അപേക്ഷിച്ചവരെക്കൂടി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. മാര്‍ച്ച് 23നു പ്രസിദ്ധീകരിച്ച പട്ടികയാണ് നിലവിലുള്ളത്.
ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. 11നകം അപേക്ഷിച്ചവരെ ഹിയറിങ് നടത്തി പുതുതായി ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍പട്ടിക 22നു പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക വരുന്നതോടെ ബൂത്തുകളുടെ എണ്ണത്തിലും മാറ്റം വരും.
ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സികളും തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍
കൊണ്ടോട്ടി: വേങ്ങര മണ്ഡലം ഉപതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തിരിച്ചടിയായി. അടുത്തമാസം 15വരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയില്‍ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചത്. ഇതോടെ വാര്‍ഡ് സഭകളടക്കം ചേരുന്നതു നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലായി. ഒരു മാസത്തേക്കു പദ്ധതിപ്രവൃത്തികളും നടത്താനാകില്ല.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ ഭവനപദ്ധതികള്‍ അടക്കമുള്ളവ വിതരണം ചെയ്തുവരികയാണ്. പെട്ടെന്നുള്ള പെരുമാറ്റച്ചട്ടംവഴി ഒരു മാസത്തേക്ക് ഇവ നിര്‍ത്തിവയ്‌ക്കേണ്ടിവരും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഇതുമൂലം ഏറെ പ്രയാസത്തിലായത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പെരുമാറ്റച്ചട്ടം നീങ്ങി പദ്ധതികളിലേക്കു കടക്കുന്നതിനിടെയാണ് വേങ്ങര തെരഞ്ഞെടുപ്പിന്റെ പേരില്‍ ജില്ല മുഴുവന്‍ പെരുമാറ്റച്ചട്ടം വന്നത്. ഇതോടെ ഒരു പദ്ധതിയും ജനങ്ങളിലേക്കെത്തിക്കാനാകുന്നില്ല.
പഞ്ചായത്ത്, നഗരസഭകളില്‍ തിയതി പ്രഖ്യാപിച്ച് വാര്‍ഡ് സഭകളുടെ നോട്ടീസ് നല്‍കുന്നതുവരെ തടസപ്പെട്ടിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഇതുവരെ 18.13 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയാണ് മലപ്പുറം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പദ്ധതിത്തുക ഒന്നിച്ച് ചെലവഴിക്കുന്ന രീതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിനാല്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയാതെവരും.
സ്ഥാനാര്‍ഥികള്‍ വന്നോളും; പ്രചാരണം സ്റ്റാര്‍ട്ട്!
വേങ്ങര: വേങ്ങരയില്‍ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ പ്രചാരണം തുടങ്ങി. സോഷ്യല്‍മീഡിയയില്‍ നേരത്തേതന്നെ ആരംഭിച്ച പ്രചാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നാട്ടുംപുറത്തേക്കു വ്യാപിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ വികസനത്തുടര്‍ച്ചയ്ക്കു കുഞ്ഞാപ്പയുടെ പിന്‍ഗാമി ആരാണോ അവരെ വിജയിപ്പിക്കണമെന്നതാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രചാരണം. സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചയ്ക്ക് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകരും സജീവമായി. ഇരുമുന്നണികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെ ഫഌക്‌സുകള്‍ കവലകളിലും ടൗണുകളിലും വ്യാപകമായി.
അതേസമയം, അഡ്വ. കെ.സി നസീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പ്രഖ്യാപിച്ച എസ്.ഡി.പി.ഐയും ഒരുമുഴം മുന്നേ പ്രാചരണം തുടങ്ങിയിട്ടുണ്ട്. ജനതാദള്‍ നാഷണലിസ്റ്റ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് രംഗത്തെത്തി. മൊയ്തീന്‍ ഷായാണ് അവരുടെ സ്ഥാനാര്‍ഥി.ഭൂരിപക്ഷവും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ടുകളും ചൂടേറിയ ചര്‍ച്ചയാണ്.
തെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ കോണ്‍ഗ്രസ്, ലീഗ് സംസ്ഥാന നേതൃനിരയെ കളത്തിലിറക്കി യു.ഡി.എഫ് ആറു പഞ്ചായത്തുകളിലും കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും നടത്തിയിരുന്നു.
എല്‍.ഡി.എഫ് ബ്രാഞ്ച് സമ്മേളനങ്ങളും പൊതുയോഗങ്ങളും സജീവമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐ.എന്‍.എല്‍ ജില്ലാ കണ്‍വന്‍ഷന്‍ ഇന്നു വൈകിട്ട് മൂന്നിനു വ്യാപാരഭവനില്‍ നടക്കും. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തി ടൗണില്‍ വിളംബര റാലിയും നടക്കും. 20നു വേങ്ങരയില്‍ യു.ഡി.എഫ് പൊതുയോഗവും കണ്‍വന്‍ഷനുകളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."