ഉത്തരാഖണ്ഡില്‍ കണക്കു ടീച്ചറെ കണക്കു പഠിപ്പിച്ച് വിദ്യാഭ്യസ മന്ത്രി
ഡെറാഡൂണ്‍: സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കണക്കു ടീച്ചറെ കണക്കു പഠിപ്പിച്ച് ഉത്തരാഖണ്ഡ് വിദ്യാഭ്യസ മന്ത്രി. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനിടെയാണ് സംഭവം. ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച് മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു.
എട്ടാം ക്ലാസിലെ അധ്യാപികക്കാണ് മന്ത്രിയുടെ പ്രകടനത്തിനു മുന്നില്‍ നിസ്സഹായയായി നില്‍ക്കേണ്ടി വന്നത് . സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ചില അടിസ്ഥാന ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നു പറഞ്ഞാണ് മന്ത്രി പ്രകടനം ആരംഭിച്ചത്. നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. നെഗറ്റീവ് ആയിരിക്കുമെന്ന് അധ്യാപിക മറുപടി നല്‍കി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവാണെന്നായിരുന്നു മന്ത്രിയുടെ വാദം.
ഉദാഹരണമായി മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്തായിരിക്കും ഉത്തരമെന്ന് മന്ത്രി ചോദിച്ചു. മൈനസ് 2 എന്ന് അവര്‍ ഉത്തരം പറഞ്ഞെങ്കിലും പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരം സമര്‍ഥിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും മന്ത്രി സ്വന്തം വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ ഉപയോഗിക്കാതെ ഗൈഡ് നോക്കി പഠിപ്പിക്കുന്നതിന്റെ പേരിലും അധ്യാപികയെ മന്ത്രി ശകാരിക്കുന്നത് വീഡിയോയില്‍ കാണാം.
അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
അതേസമയം തന്റെ സന്ദര്‍ശനത്തിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂവെന്നും സ്‌കൂളുകളിലെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ തനിക്ക് അതൃപ്തി ഉണ്ടെന്നുമാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."