കാലംതെറ്റി പെയ്ത കനത്ത മഴ ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ പ്രതീക്ഷക്കുമേല്‍ കരിനിഴല്‍വീഴ്ത്തി
വടക്കഞ്ചേരി : കാലംതെറ്റി പെയ്ത കനത്ത മഴ ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍വീഴ്ത്തി. ഏറെ അധ്വാനിച്ച് പാടത്ത് പാകമായ വിള കൊയ്യാനായപ്പോഴേക്കും നെല്‍ക്കതിര്‍ വെള്ളത്തില്‍മുങ്ങിയത് കര്‍ഷകരെ ആശങ്കയിലാക്കി. മൂപ്പെത്താറായ നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലാണ്.
ജില്ലയിലെ പല പ്രദേശത്തും കൊയ്ത്ത് ആരംഭിച്ചു. കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊയ്ത്തും അസാധ്യമായി. വിത്തിറക്കിയതുമുതല്‍ ആവശ്യത്തിന് മഴ ലഭിച്ചതിനാല്‍ നല്ല വിള ലഭിക്കുമെന്ന് പ്രതിക്ഷിച്ച കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെയ്യുന്ന മഴ തിരിച്ചടിയായി. കതിരുകള്‍ മുഴുവന്‍ വെള്ളത്തില്‍വീണു കിടക്കുന്നതിനാല്‍ നെല്ല് മുളച്ചു കേടാകുമോയെന്ന ആശങ്കയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷം കൊടുംവരള്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ നെല്‍ക്കൃഷി പൂര്‍ണതോതില്‍ കൊയ്‌തെടുക്കാനായില്ല. കഴിഞ്ഞ വര്‍ഷം വെള്ളം കിട്ടാത്തതിനാല്‍ രണ്ടാംവിള പൂര്‍ണമായും ഉപേക്ഷിച്ചു. കൃഷി ഉപേക്ഷിക്കാന്‍ ജില്ലാ ഭരണസംവിധാനം കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍ികയിരുന്നു. ഇത്തവണ കൃത്യ സമയത്ത് മഴ ലഭിക്കുകയും പൊടിവിതയും നടീലും നടത്തുകയും ചെയ്ത കര്‍ഷകര്‍ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഒന്നാംവിള കൊയ്‌തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ഷകര്‍ക്ക് അത് താങ്ങാന്‍ കഴിയില്ല. നെല്‍ച്ചെടികള്‍ മൂപ്പെത്തി കൊയ്ത്തിനു പാകമാകുന്ന സമയം കനത്ത മഴ പെയ്തതോടെ കൃഷിപ്പണികളും അവതാളത്തിലായി. കഴിഞ്ഞയാഴ്ചയും ജില്ലയില്‍ പലയിടത്തും കനത്ത മഴയാണുണ്ടായത്. കതിര്‍ വരുന്ന സമയത്തും മഴ കൂടിയതോടെ വയലുകളില്‍ കളശല്യവും രൂക്ഷമായിരുന്നു. കള പറിക്കാന്‍ വലിയ പണച്ചെലവും വേണ്ടിവന്നു. കൊല്ലങ്കോട് ഭാഗത്ത് തമിഴ്‌നാട്ടില്‍നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവന്നാണ് കള പറിച്ചത്. മൂന്നു ദിവസംമുമ്പ് മഴ മാറിനിന്നതോടെ വെള്ളം ഒഴുകിപ്പോകുമെന്ന് കരുതിയ കര്‍ഷകര്‍ മഴ വീണ്ടും തുടങ്ങിയതോടെ അങ്കലാപ്പിലായി.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകരെ കൈയൊഴിയുകയാണ്. കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ലുസംഭരണം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സപ്‌ളൈകോയ്ക്ക് അനുമതി നല്‍കിയിട്ടില്ല. സംഭരിക്കുന്ന നെല്ലിന് സംസ്ഥാന സര്‍ക്കാരിനോടൊപ്പം സബ്‌സിഡി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവര്‍ഷം ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്നിനായതിനാല്‍ അപ്പോള്‍മാത്രമെ കേരളത്തിലും നെല്ല് സംഭരിക്കാന്‍ അനുമതി നല്‍കു എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇത് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
കൊയ്ത നെല്ല് സൂക്ഷിക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുകയാണ്. ചുരുങ്ങിയ വിലയ്ക്ക് സ്വകാര്യമില്ലുടമകള്‍ക്ക് നല്‍കാനും കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ നെല്ല്‌സംഭരണം ആരംഭിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ ഇതുവരെ 36,075 കര്‍ഷകര്‍ നെല്ല്‌സംഭരണത്തിന് സപ്‌ളൈകോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ നെല്ല്‌സംഭരണം ആരംഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാരില്‍ ഇടപെടണമെന്ന് ആവശ്യവും കര്‍ഷകസംഘനകള്‍ ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."