ഇരുട്ടാക്കുന്ന മാധ്യമങ്ങളുടെ എണ്ണം കൂടുന്നു: മുഖ്യമന്ത്രി
കോഴിക്കോട്: സൂര്യപ്രകാശമുള്ളപ്പോഴും ഇരുട്ടാക്കുന്ന മാധ്യമങ്ങളുടെ എണ്ണം കൂടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രഭാതം മൂന്നാംവാര്‍ഷികാഘോഷം സുപ്രഭാതം കേന്ദ്ര ഓഫിസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോന്നിയതു വാര്‍ത്തയാക്കുന്ന ദേശീയമാധ്യമങ്ങളും കൂടിവരികയാണ്. ഇതിനെ ഗൗരവമായി കാണണം. ഡി.വൈ.എഫ്.ഐ നടത്തിയ തെരുവുനാടകത്തിന്റെ ദൃശ്യങ്ങള്‍ സഹിതം തെരുവില്‍ യുവതിയെ ആക്രമിച്ചുവെന്നാണു കഴിഞ്ഞദിവസം ഒരു ദേശീയമാധ്യമം വാര്‍ത്തയാക്കിയത്. ഇതുപോലുള്ള ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടു ന്നവരും മാധ്യമലോകത്തുണ്ട്. സമൂഹത്തോടു പ്രതിബദ്ധത പുലര്‍ത്തിയ ഒട്ടേറെ പത്രപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. ഇത്തരത്തിലുള്ളവര്‍ ഇന്നു ചുരുങ്ങിപ്പോവുകയാണ്. മത്സരത്തിനിടയില്‍ ധൃതിയില്‍ വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയും കുറഞ്ഞുവരികയാണ്.
മനസിരുത്തിയുള്ള എഡിറ്റിങ് നടത്താതെ പുറത്തുവരുന്ന വാര്‍ത്തകള്‍ നിസാരമായി കാണാന്‍ പറ്റില്ല. ഇതു പ്രസിദ്ധീകരിക്കുമ്പോള്‍ വാര്‍ത്തയുടെ ധാര്‍മിക ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. ചില മാധ്യമങ്ങള്‍ പ്രത്യേക അജന്‍ഡ ഏറ്റെടുത്തിരിക്കുന്നതു ഭയപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."