കൊല്ലത്തെ ജനം ചോദിക്കുന്നു. എന്താണ് ജനമൈത്രി പൊലിസ്?
സിറ്റി പരിധിയിലൊട്ടുക്കും ജനമൈത്രി പൊലിസ് സംവിധാനം വ്യാപിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് കൊല്ലം സിറ്റി പൊലിസ്. എന്നാല്‍ എന്താണ് ജനമൈത്രി പൊലിസെന്ന് കൊല്ലം ട്രാഫിക് പൊലിസിനെ ആദ്യം പഠിപ്പിക്കാനാണ് പൊലിസ് അധികാരികള്‍ ശ്രമിക്കേണ്ടത്.
ദൈനംദിനം പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന വിഭാഗമാണ് ട്രാഫിക് പൊലിസ്. എന്നാല്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തന്‍പ്രമാണിത്തംമൂലം കൊല്ലത്തെ ട്രാഫിക്‌പൊലിസിന്റെ പേരു ഓര്‍ക്കാന്‍ പോലും ജനത്തിന് മടിയാണ്. വെയിലും മഴയും പൊടിയുമേറ്റ് വീഴ്ചവരുത്താതെ കൃത്യനിര്‍വഹണം നടത്തുന്ന ട്രാഫിക് പൊലിസിലെ വലിയൊരുവിഭാഗത്തിന്റെ സല്‍പ്പേരു കളയാന്‍ പൊലിസുകാര്‍ തന്നെ രംഗത്തുവന്നാല്‍ കാര്യം കുഴഞ്ഞതുതന്നെ.
നിരവധി പരാതികളാണ് ട്രാഫിക് പൊലിസിനെതിരേ ഉയരുന്നത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനായി സ്വര്‍ണംവാങ്ങാന്‍ ഷോപ്പിങ് മാളിലെ ജ്യൂവലറിയിലെത്തിയ വീട്ടമ്മയോടു ട്രാഫിക് പൊലിസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.
ഇതു ചോദ്യംചെയ്ത വീട്ടമ്മയുടെ ഭര്‍ത്താവിനോടും മോശമായാണ് പൊലിസ് പെരുമാറിയത്. ദമ്പതികള്‍ പരാതി നല്‍കുമെന്ന് ഉറപ്പായതോടെ അവര്‍ക്കെതിരേയും ട്രാഫിക് എസ്.ഐ കള്ളക്കേസ് എടുക്കുകയായിരുന്നു. കൊറ്റങ്കര പേരൂര്‍ സ്വദേശികളായ ദമ്പതികളാണ് ട്രാഫിക് എസ.്‌ഐ അനൂപിനും പൊലിസുകാരനുമെതിരെ പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചത്. ഇതിനിടെ,കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയുയര്‍ന്നു.
ഡി.സി.സി വൈസ് പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും കൊല്ലം നിയമസഭാമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന സൂരജ് രവിയെയും കുടുംബത്തെയുമാണ് അകാരണമായി പൊലിസ് ശല്യപ്പെടുത്തിയത്. കൊച്ചുകുട്ടികളടക്കം കാറില്‍ ബീച്ച് റോഡിലെ ബാങ്കിന് മുന്നില്‍ കിടന്ന സൂരജിനോട് ഒരു ട്രാഫിക് വാര്‍ഡന്‍ തട്ടിക്കയറുകയായിരുന്നു.
ഇതുസംബന്ധിച്ച് ട്രാഫിക് എസ്.ഐയോട് സൂരജ് പരാതിപറഞ്ഞെങ്കിലും സൂരജിനെതിരേ എഫ്.ഐ.ആര്‍ ഇട്ട് കേസെടുക്കാനായിരുന്നു എസ്.ഐയുടെ തീരുമാനം. ഇതിനെ തുടര്‍ന്ന് സൂരജ് രവിയും കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച കലക്ടറേറ്റിന് സമീപം പാര്‍ക്കിങ് ഏര്യയില്‍ സംഭവമുണ്ടായി കാര്‍ പാര്‍ക്ക് ചെയ്ത മാധ്യമസ്ഥാപത്തിലെ ജീവനക്കാരനും എസ്.ഐ കൊടുത്തു നൂറുരൂപയുടെ പെറ്റി. എന്നാല്‍ അവിടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞെങ്കിലും 'ജനമൈത്രി എസ്.ഐ'യുടെ മുന്നില്‍ അതൊന്നും വിലപ്പോയില്ല. വാഹനപരിശോധന എങ്ങനെ നടത്തണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലറുണ്ട്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പൊലിസുകാര്‍ക്കെതിരേ നടപടി എടുക്കുമെന്നു സര്‍ക്കാരും പറയുന്നു. എന്നാല്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ഇതു പാടേ അട്ടിമറിക്കുന്നതിന് തെളിവാണ് കൊല്ലത്തെ ട്രാഫിക് പൊലിസിന്റെ ചില നടപടികള്‍. നഗരത്തിലെ ഇടറോഡുകളില്‍ കാത്തുകിടന്ന് ഹെല്‍മറ്റ് വേട്ട നടത്തുന്ന പൊലിസിനെതിരേ റസിഡന്റസ് അസോസിയേഷനുകള്‍ക്കും നിറയെ പരാതിയുണ്ട്.
നഗരത്തിലെ ചില ഏര്യകളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ട്രാഫിക്‌വാര്‍ഡന്‍മാരെ നിയമിക്കുന്ന പതിവും ചില ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഇത്തരം ട്രാഫിക്‌വാര്‍ഡന്‍മാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നത്.
ആത്യന്തികമായി ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം പൊലിസായാലും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളായാലും ശ്രമിക്കേണ്ടത്. ജനമൈത്രി പൊലിസ് എന്നു പേരുവച്ചാലൊന്നും ജനങ്ങളുടെ മനസില്‍ ഇടം ഉണ്ടാകില്ല. അതിന് ജനങ്ങളിലേക്കിറങ്ങിയാകണം മാതൃക കാട്ടേണ്ടത്. കൊല്ലം ട്രാഫിക് പൊലിസിലെ ജനവിരുധമുഖമുള്ള ഉദ്യോഗസ്ഥരെ മാറ്റിയാകണം നടപടിയും സ്വീകരിക്കേണ്ടത്.
ജനപക്ഷ മുഖമുള്ളവരെയായിരിക്കണം ഇത്തരം സ്ഥാനങ്ങളില്‍ വയ്‌ക്കേണ്ടത്. ഭരണം മാറുമ്പോള്‍ താവളം മാറ്റി നൃത്തം ചവുട്ടുന്ന ഇത്തരം പൊലിസുകാര്‍ക്ക് ആവശ്യമുള്ളിടത്ത് നിയമനം നല്‍കുന്ന ഭരണകക്ഷി നേതൃത്വങ്ങളെയും പൊതുജനം പ്രതിക്കൂട്ടിലാക്കുമെന്ന കാര്യത്തിലും തര്‍ക്കംവേണ്ട.
സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിന് തടയിടുന്നവരെ സഹായിക്കാനെത്തുന്ന ഭരണപക്ഷ പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നവരെന്നു കരുതിയാല്‍ തെറ്റുപറയാന്‍ കഴിയുമോ?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."