മഴയില്‍ മുങ്ങി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കസേരകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു
കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കായി ഒരുക്കിയിരിക്കുന്ന കസേരകള്‍ മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കില്‍. പൈതൃക കേന്ദ്രമായ കണ്ണൂര്‍ കോട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാനോ മേല്‍ക്കൂര നിര്‍മിക്കാനോ അനുവാദമില്ലാത്തതിനാലാണ് കസേരകള്‍ നശിക്കുന്നത്. ഇവ സംരക്ഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയ്ക്ക് കോട്ടംതട്ടുന്ന ഇന്ററ്റാലിയം ഷീറ്റുകളോ മേല്‍ക്കൂരകളോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന കസേരകള്‍ എങ്ങനെ സംരക്ഷിക്കണമെന്ന ആശങ്കയിലാണ് ഡി.ടി.പി.സി അധികൃതര്‍.
അഞ്ഞൂറു വര്‍ഷത്തെ മലബാറിന്റെയും കണ്ണൂര്‍ കോട്ടയുടെയും ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രദര്‍ശനത്തിനായി കോടികള്‍ മുടക്കി സജ്ജീകരിച്ച ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഇരുമ്പു ഷീറ്റുകൊണ്ടും മറ്റും മഴയേല്‍ക്കാതെ മറച്ചിട്ടുണ്ട്.
കാണികള്‍ക്കായി തയാറാക്കിയിരിക്കുന്ന 150 കസേരകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കസേരകളെല്ലാം നിറം മങ്ങി. ഇലക്ട്രിക് ഉപകരണങ്ങളും കസേരകളും സംരക്ഷിക്കാന്‍ നിലവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാരാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 11 ദിവസത്തെ പ്രദര്‍ശനാനുമതിയാണ് ലഭിച്ചത്. എന്നാല്‍ ആറ് ദിവസങ്ങളിലായി ഷോ ചുരുങ്ങി. മഴ കാരണം പിന്നീട് ഷോ നിലച്ചു. കാണികള്‍ക്ക് ഹരം പകരാന്‍ 700 ഓളം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
ഇരുമ്പിന്‍കൂട്ടിനുള്ളിലാണ് ഇവ സംരക്ഷിക്കുന്നത്. മഴ മാറിയാല്‍ ഉടനെ ഷോ പുനരാരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു. നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 40% തുക ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണെന്നിരിക്കെ ഷോയുമായി ബന്ധപ്പെട്ട മറ്റ് നവീകരണ പ്രവൃത്തികള്‍ ചെയ്യാന്‍ ഡി.ടി.പി.സിക്ക് കഴിയുമോ എന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."