കുട്ടികളില്‍ പാരമ്പര്യത്തെപ്പറ്റി സങ്കല്‍പശേഷി വളര്‍ത്തുന്ന കൂടുതല്‍ രചനകളുണ്ടാകണം മുഖ്യമന്ത്രി
തിരുവനന്തപുരം: പാരമ്പര്യത്തെയും സംസ്‌കാരത്തെയും പറ്റി അവബോധം ഉണ്ടാക്കി കുട്ടികളുടെ ഭാവനയും സങ്കല്‍പശേഷിയും വര്‍ധിപ്പിക്കുന്ന രചനകള്‍ കൂടുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സാംസ്‌കാരിക ഉന്നമനവും, ഭാഷാസ്വാധീനവും വളര്‍ത്തുന്ന രചനകള്‍ കൂടുതലുണ്ടാകാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുണ്ടാകണം. സ്വന്തം ഭാഷയില്‍ അഭിമാനിക്കാനാവാത്ത തലമുറയായി നമ്മുടെ പുതുതലമുറ മാറാന്‍ പാടില്ല.
മലയാളത്തെ സ്‌നേഹിക്കുന്ന മനസ് നാട്ടിലാകെ ഉണ്ടാകണം. മലയാളം ഇംഗ്ലീഷിനേക്കാള്‍ മോശമെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ട്.
അതുകൊണ്ടാണ് മലയാളമെന്ന മാതൃഭാഷ ഒഴിവാക്കപ്പെടുന്ന അവസ്ഥ അനുവദിക്കാനാവില്ല എന്ന് തീരുമാനിച്ച് ഒന്നാം ഭാഷയാക്കിയത്- മുഖ്യമന്ത്രി പറഞ്ഞു.
ആധുനികത വളരുന്നതിനൊപ്പം മാനവികതയും വളരാനുതകുന്ന ആശയലോകം വായനയിലൂടെ സൃഷ്ടിക്കാന്‍ പുസ്തകങ്ങള്‍ക്കാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം വി.എന്‍. മുരളി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പ്രകാശനം ചെയ്ത പുസ്തകങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ പുസ്തകപരിചയം നടത്തി. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും, ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. രാധാകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."