പള്ളിക്കരയില്‍ നാലുവരി മേല്‍പാലം പണിയും
നീലേശ്വരം: പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ സമരം ഒടുവില്‍ ഫലം കണ്ടു. ദേശീയപാത പള്ളിക്കരയില്‍ നാലുവരി മേല്‍പാലം പണിയാന്‍ തീരുമാനമായി. പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല ജനകീയ രാപകല്‍ സത്യാഗഹം ഉയര്‍ത്തിയ ജനകീയ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമായത്. രണ്ടു മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചു മാസത്തിനകം നിര്‍മാണം തുടങ്ങും. സമര പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തു ഇന്നലെ വൈകിട്ടു തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചതെന്നു പി.കരുണാകരന്‍ എം.പി പറഞ്ഞു. ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സമരം അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി എം.പിയോടും ജനകീയ സമരസമിതിയോടും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു മൂന്നു ദിവസമായി നടത്തി വരുന്ന സമരം എം.പി അവസാനിപ്പിച്ചു.
ദേശീയപാത വീതി കൂട്ടല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ നാലു വരിയുള്ള മേല്‍പാലം പണിയാന്‍ ഉപരിതല ഗതാഗത മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്നു ദേശീയപാത ജനറല്‍ മാനേജര്‍(ടെക്‌നിക്കല്‍)ആശിഷ് ദ്വിവേദി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തെ അറിയിച്ചിരുന്നു.
ഇതു സംബന്ധിച്ച നിര്‍ദേശം എന്‍.എച്ച്എ.ഐ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരത്തിന് അയച്ചു കൊടുത്തിട്ടുമുണ്ട്. അനുമതി കിട്ടിയാലുടന്‍ നിര്‍മാണം തുടങ്ങും.
ഇക്കാര്യത്തില്‍ കേന്ദ്ര വകുപ്പുകളുമായി ചര്‍ച്ചകളും വേഗത്തിലാക്കും. 60 കോടി രൂപ ചെലവില്‍ ദേശീയ പാത അതോറിറ്റിയാണു മേല്‍പാലം നിര്‍മിക്കുക. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും എന്‍.എച്ച്.എ.ഐ അധികൃതര്‍ ഉറപ്പു നല്‍കി.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി. പ്രഭാകരന്‍, സമരസഹായ സമിതി പ്രതിനിധികളായ എം.വി ബാലകൃഷ്ണന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി.മുസ്തഫ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."