വാര്‍ഡ് പ്രതിനിധികള്‍ തര്‍ക്കത്തില്‍; റോഡിലെ വെള്ളക്കെട്ടിന് പരാഹാരമില്ല
കൊട്ടാരക്കര: റോഡിന് ഇരുവശവും ഉള്ള വാര്‍ഡ് പ്രതിനിധികളുടെ തര്‍ക്കം മൂലം റോഡിലെ ആഴവും പരപ്പുമുള്ള വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാന്‍ കഴിയുന്നില്ല. വെളിയം പഞ്ചായത്തിലെ മുട്ടറ - സൊസൈറ്റിമുക്ക് റോഡിലെ മുട്ടറ ജങ്ഷനിലുള്ള വെള്ളക്കെട്ടാണ് നാടിന് ശാപമായി തീര്‍ന്നിട്ടുള്ളത്.
വെളിയം പഞ്ചായത്തിലെ മണികണ്‌ഠേശ്വരം മുട്ടറ വാര്‍ഡുകളെ വേര്‍തിരിക്കുന്ന റോഡാണിത്. ഏത് വാര്‍ഡിലാണ് റോഡ് എന്നതിന് വ്യക്തതയില്ല. ഇതുമൂലം ഉത്തരവാദിത്വത്തില്‍ നിന്നും വാര്‍ഡ് പ്രതിനിധികള്‍ പരസ്പരം പഴിചാരി കൈയൊഴിയുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് വാര്‍ഡുകളെയും പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷ ജനപ്രതിനിധികളാണ്.പഞ്ചായത്ത് ഭരണവും ഇടതുപക്ഷത്തിനാണ്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളകെട്ട് പതിവാണ്.
ആറുമീറ്ററോളം റോഡു കുഴിഞ്ഞ് വെള്ളം കയറികിടക്കുന്നു. ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയില്ല. കാല്‍ നട യാത്രയും അസാധ്യം. ജനങ്ങള്‍ കാലങ്ങളായി പരാതിപ്പെടുകയാണെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമില്ല.ഇവിടെതന്നെയാണ് മുട്ടറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളകെട്ടിലെ മലിനജലത്തില്‍ കൂടി വേണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും മടങ്ങാനും.
സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിനം പ്രതി ഇതുവഴി കടന്നു പോകുന്നുണ്ട്. മുട്ടറ മരുതിമലയില്‍ എത്തിചേരുന്നതും ഈ റോഡ് വഴിയാണ്. ഈ പ്രാധാന്യങ്ങള്‍ എല്ലാ നിലനില്‍ക്കുമ്പോഴാണ് വാര്‍ഡ് പ്രതിനിധികളുടെ പടലപിണക്കം. ഇപ്പോള്‍ എം.എല്‍.എ കനിയുമെന്ന അവസാന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."