സഊദിയില്‍ ഷോപ്പിങ് മാളുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണത്തിനു തുടക്കമായി
റിയാദ്: സഊദിയിലെ ഷോപ്പിങ് മാളുകളിലെ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന നടപടിക്കു തുടക്കമായി. ആദ്യ പടിയായി ഖസീം പ്രവിശ്യയിലെ ഷോപ്പിങ് മാളുകളിലാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്. നിയമം നടപ്പിലാക്കാന്‍ തുടങ്ങിയതോടെ നിയമ ലംഘകര്‍ക്ക് കനത്ത പിഴയും ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ വിദേശിക്കും 20,000 റിയാല്‍ എന്ന തോതിലാണ് പിഴ ചുമത്തുക. വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു പിഴ തുക ഇരട്ടിയാക്കുമെന്നു അല്‍ഖസീം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷന്‍ മേധാവി അഹ്മദ് അല്‍ മആരിഖ് പറഞ്ഞു.
സഊദികള്‍ക്കു കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിങ് മാളുകളില്‍ സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പാക്കുന്നത്. അല്‍ഖസീമില്‍ മാത്രം ഷോപ്പിങ് മാള്‍ സഊദി വല്‍ക്കരണത്തിലൂടെ നാലായിരത്തിലധികം സഊദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സഊദിവല്‍ക്കരണം നടപ്പാക്കുന്നത് പരിശോധിക്കാനായി പ്രത്യേക സംഘം മാളുകളില്‍ മിന്നല്‍ പരിശോധന നടത്തും. സഊദിവല്‍ക്കരണം നടപ്പാക്കുന്നതോടൊപ്പം സ്വന്തം നിലക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സ്വദേശി സംരംഭകര്‍ക്ക് സാമൂഹിക വികസന ബാങ്കുകളില്‍ നിന്നും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ പ്രവിശ്യകളിലെ മാളുകളില്‍ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് വിദേശികള്‍ തൊഴിലെടുക്കുന്നുണ്ട്. സ്വദേശികള്‍ ഈ മേഖകളയിലേക്ക് കടന്നു വരുമ്പോള്‍ ഇത്രയും വിദേശികള്‍ക്ക് ഇവിടെ തൊഴില്‍ നഷ്ടം സംഭവിക്കും. ഇവര്‍ക്ക് മറ്റു തൊഴില്‍ മേഖലയിലേക്ക് ചേക്കേറുകയോ സ്വദേശത്തേക്ക് തിരിച്ചു പോകുകയോ വേണ്ടി വരും. കൂടാതെ മാളുകളില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."