കശ്മിര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം
ന്യൂയോര്‍ക്ക്: ദോക്‌ലാ സംഘര്‍ഷകാലത്ത് കശ്മിര്‍പ്രശ്‌നത്തില്‍ പാക് അനുകൂല നിലപാടെടുത്ത ചൈന ഇന്നലെ ഐക്യരാഷ്ട്രസഭയില്‍ നിഷ്പക്ഷ നിലപാടുമായി രംഗത്തെത്തി.
കശ്മിര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണു ചൈനയുടെ പുതിയ നിലപാട്. ഐക്യരാഷ്ട്രസഭയും ഇത്തരമൊരു നിലപാടെടുക്കുകയും ഇന്ത്യയും പാകിസ്താനും അതിനു വഴങ്ങി മുന്നോട്ടുപോകുകയും ചെയ്താല്‍ ഏഴു പതിറ്റാണ്ടായി തുടരുന്ന തീരാത്തലവേദനയില്‍ നിന്ന് ഇന്ത്യാ ഉപഭൂഖണ്ഡം രക്ഷപ്പെടും.
ഉഭയകക്ഷി ചര്‍ച്ചയാണു കശ്മിര്‍ പ്രശ്‌നത്തിനു ശരിയായ പരിഹാരമെന്ന നിലപാട് നേരത്തെ ചില സന്ദര്‍ഭങ്ങളില്‍ ചൈന എടുത്തിരുന്നെങ്കിലും ദോക്‌ലാ അതിര്‍ത്തി സംഘര്‍ഷകാലത്ത് പാക്പക്ഷപാതിത്വം കടുത്ത രീതിയില്‍ പ്രകടിപ്പിച്ചിരുന്നു. കശ്മിരിന്റെ മേല്‍ പാകിസ്താന്‍ ഉന്നയിക്കുന്ന അവകാശവാദത്തില്‍ കഴമ്പുണ്ടെന്നായിരുന്നു അന്ന് ചൈനയുടെ നിലപാട്.
ഭീകരവാദികളെ നുഴഞ്ഞുകയറ്റക്കാരാക്കിവിട്ട് കശ്മിര്‍ ഭൂമിയില്‍ ചോരപ്പുഴയൊഴുക്കിക്കൊണ്ടിരിക്കുകയാണ് പാകിസ്താന്‍. ഇതിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെങ്കിലും പാക് ശ്രമത്തിന്റെ ഫലമായി കശ്മിരില്‍ ഇന്ത്യാവിരുദ്ധത ശക്തിപ്രാപിച്ചുവരികയാണ്. ഈ സന്ദര്‍ഭമുപയോഗിച്ചു ഐക്യരാഷ്ട്രസഭയെ ഇടപെടുവിച്ച് ഹിതപരിശോധന നടത്തിച്ച് കശ്മിര്‍ തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന്റെ ഭാഗമായാണ് ഇന്നലെ പാക്പ്രധാനമന്ത്രി അതിശക്തമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയിറക്കിയത്. ഇന്ത്യയുടെ ഏതാക്രമണവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും അതിനായി ഹ്രസ്വദൂര ആണവ മിസൈലുകള്‍ ഒരുക്കിയിട്ടുണ്ടെന്നും പാകിസ്താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.
ഇന്ത്യാ ഉപഭൂഖണ്ഡം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കു പോകുന്നതിനിടയിലാണ് പാക്‌നിലപാടിനു വിരുദ്ധമായി ചൈന നിഷ്പക്ഷ പ്രസ്താവനയിറക്കിയത്. ദോക്‌ലാ പ്രശ്‌നം യുദ്ധത്തിലേക്കു നയിക്കാതെ ചര്‍ച്ചയിലൂടെ പരിഹരിച്ച അനുഭവമാകാം ചൈനയെക്കൊണ്ട് ഇത്തരമൊരു നിലപാടെടുപ്പിച്ചത്.
കശ്മിര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടണം: പാക് പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: കശ്മിര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ശാഹിദ് കഖാന്‍ അബ്ബാസി. കശ്മിരിലെ ജനങ്ങളെ ഇന്ത്യ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പൊതുസഭയിലെ തന്റെ കന്നി പ്രസംഗത്തിനിടെയാണ് അബ്ബാസി ഇക്കാര്യം പറഞ്ഞത്.
പാകിസ്താനെതിരേ ഇന്ത്യ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും നിയന്ത്രണാതിര്‍ത്തി മറികടന്നുള്ള ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കുമെന്നും അബ്ബാസി പറഞ്ഞു. കശ്മിര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം. പാകിസ്താനുമായി സമാധാനത്തിന് ഇന്ത്യ താല്‍പര്യം കാണിക്കുന്നില്ലെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ടെററിസ്താനായെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: രാജ്യത്തിനെതിരേയുള്ള പാക് പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്താന്‍ ടെററിസ്താനായി മാറിയെന്ന് യു.എന്‍ പൊതുസഭയില്‍ ഇന്ത്യ. ഭീകരവാദികള്‍ക്ക് താവളമൊരുക്കി, ആഗോള തീവ്രവാദ ഉല്‍പാദക-കയറ്റുമതി രാജ്യമായി പാകിസ്താന്‍ മാറിയെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു. കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ പാകിസ്താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറി. ഉസാമബിന്‍ലാദന് താവളമൊരുക്കിയവര്‍ ചതിയെ കുറിച്ചും കാപട്യത്തെ സംബന്ധിച്ചും പറയുന്നത് അത്ഭുതമാണെന്നും ഈനം ഗംഭീര്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."