ജില്ല ലഹരിയുടെ പിടിയില്‍
നെയ്യാറ്റിന്‍കര: വിഴിഞ്ഞത്തിനു സമീപം പുളിങ്കുടിയിലെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ലേബര്‍ ക്യാംപില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ടീം നടത്തിയ റെയ്ഡില്‍ 12 കിലോ കഞ്ചാവ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കൈവശം സൂക്ഷിച്ച ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശികളായ മനോഹര്‍ സ്വര്ണ്ക്കര് (28), വിശ്വജിത്ത് സ്വര്ണ്ക്കര് (24) എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
15 കിലോ കഞ്ചാവാണ് ഇവര്‍ നാട്ടില്‍ നിന്ന് ലേബര്‍ ക്യാംപില്‍ എത്തിച്ചതെന്നും ഇതില്‍ മൂന്ന് കിലോ മൂന്ന് പൊതികളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികള്ക്കിടയില്ത്തന്നെ വിതരണം ചെയ്തതായും ഇവര്‍ അധികൃതരോട് പറഞ്ഞു. ഇരുന്നൂറില്‍ അധികം കെട്ടിടനിര്മാണത്തൊഴിലാളികളായ ഇതര സംസ്ഥാനത്തൊഴിലാളികളാണ് പുളിങ്കുടിയിലെ ലേബര്‍ ക്യാംപില്‍ കഴിയുന്നത്. ഇതില്‍ ജോലിയില്ലാത്ത തൊഴിലാളികള്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ ഒഡീഷയില്‍ നിന്ന് ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപ എന്ന നിരക്കില്‍ വാങ്ങി കേരളത്തില്‍ എത്തിച്ച ശേഷം വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ലേബര്‍ ക്യാംപില്‍ എത്തിച്ച് ചെറു പൊതികളാക്കി ക്യാംപിനുള്ളിലെ തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. 2000 രൂപയ്ക്ക് ലഭിക്കുന്ന ഒരു കിലോ കഞ്ചാവ് 1500 പൊതികളാക്കി ഒരു പൊതിക്ക് 100 എന്ന നിരക്കിലാണ് ഇവര്‍ ക്യാംപിനുളളിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്ന് പിടിയിലായ യുവാക്കള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. അന്യസംസ്ഥാനത്തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ കഞ്ചാവ് ഉപയോഗം നടക്കുന്നതു സംബന്ധിച്ച് എക്സൈസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാഡോ എക്സൈസിന്റെ നിരന്തര നിരീക്ഷണത്തിന്റെ ഫലമായിട്ടാണ് കഞ്ചാവ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വില്പനയില് അഞ്ചു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ബെഞ്ചമിന്റെ നിര്‍ദേശ പ്രകാരം നടന്ന റെയ്ഡില്‍ ഇന്‍സ്പെക്ടര്‍ വി. കോമളന്, പ്രിവന്റിവ് ഓഫിസര്‍ ആര്. വിജയന്, കെ. ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഹരികുമാര്‍, അജിത്ത്, അനീഷ്, ജയകൃഷ്ണന്, ലാല്‍കൃഷ്ണ, വിജേഷ്, സുബാഷ്കുമാര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."