രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു: കനയ്യകുമാര്‍
കാസര്‍കോട്: രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവായ കനയ്യകുമാര്‍ പറഞ്ഞു. ബംഗളൂരുവില്‍ ഗൗരിലങ്കേഷ് വധിക്കപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പായി പഞ്ചാബില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും കൊല്ലപ്പെട്ടു. പന്‍സാരെയും, കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളായതു കൊണ്ടല്ല. പകരം ധൈഷണികമായി ഫാസിസ്റ്റ് ശക്തികളെ നേരിടുന്നു എന്ന കാരണം കൊണ്ടാണ് അവരൊക്കെയും കൊല്ലപ്പെട്ടത്. മാധ്യപ്രവര്‍ത്തകരെ കൊല്ലുന്നതിന് പിന്നിലുള്ള പ്രചോദനം അവരുടെ തൊഴിലിനോടുള്ള വിരോധം കൊണ്ടല്ലെന്നും ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നിരന്തരം എഴുന്നത് കൊണ്ടാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കെ.മാധവന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനു വേണ്ടി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കനയ്യ കുമാര്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യന്‍ യുവത നവ മാധ്യമങ്ങളുടെയും പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളുടെയും ചതിക്കുഴിയില്‍ വീഴുകയാണെന്നും നവമാധ്യമങ്ങളില്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകളില്‍ നല്ലൊരു വിഭാഗം ആളുകള്‍ കബളിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സത്യവും അസത്യവും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. പട്ടിണിയാണോ പാകിസ്താനാണോ പ്രധാന വിഷയമെന്ന് തിരിച്ചറിയാന്‍ പോലും യുവതയ്ക്ക് സാധിക്കാതെയായി. കൃത്രിമ വാര്‍ത്തകളിലൂടെ തെറ്റായ വഴികളിലേക്ക് വലിയൊരു വിഭാഗത്തെ സഞ്ചരിപ്പിക്കുന്ന ഗൂഢനീക്കങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല എല്ലാ ഭാഗത്തുമുണ്ട്.
വാര്‍ത്തകള്‍ കേട്ട മാത്രയില്‍ അവ വിശ്വസിക്കുന്നതിന് പകരം ശരിയെന്തെന്നു കണ്ടെത്താനും തിരിച്ചറിയാനും യുവ തലമുറക്ക് കഴിയണമെന്നും കനയ്യകുമാര്‍ പറഞ്ഞു. കെ. മാധവന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം ജില്ലയിലെത്തിയത്. കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കനയ്യ കുമാറിനെ സ്വീകരിച്ചു. പ്രഭാകര റാവു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബി.വി രാജന്‍, ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി വി. കുക്കിയ, കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. ശ്രീനിവാസ് കക്കില്ലായ, കെ. മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സി. ബാലന്‍, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവരുള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കനയ്യ കുമാറിനെ സ്വീകരിക്കാന്‍ കാസര്‍കോട്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."